കൊടുങ്ങല്ലൂർ: മതിലകം ഓൺലൈൻ 'നാട്ടുചന്ത' വീണ്ടും സജീവമാകുന്നു. ഞായറാഴ്ച മതിലകം പാരമൗണ്ടിന് സമീപം ഫിനിക്‌സ് സ്റ്റഡി സെന്ററിലാണ് ലൈവ് നാട്ടുചന്തയുടെ പുനരാരംഭം. രാവിലെ പത്തിന് ആരംഭിക്കുന്ന ചന്ത വൈകിട്ട് വരെ നീളും. മതിലകം കേന്ദ്രമായി അഞ്ച് വർഷം മുമ്പ് ആരംഭിച്ച 'നാട്ടുചന്ത' വാട്ട്‌സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ വിപണനത്തിന്റയും, കൊടുക്കൽ വാങ്ങലിന്റെയും ഇടമായി മാറി.
പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം, കോഴി, താറാവ്, മാടുകൾ, പക്ഷികൾ, പാചകം ചെയ്ത ഭക്ഷ്യയിനങ്ങൾ, ഫർണിച്ചറുകൾ, വാഹനങ്ങൾ, വസ്തുക്കൾ തുടങ്ങിയവ ഗ്രൂപ്പിലൂടെ വിപണനം ചെയ്തു. ഇതോടെ ആയിരത്തോളം അംഗങ്ങളുള്ള അഞ്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളായി നാട്ടുചന്ത വികസിച്ചു. രണ്ട് വർഷം മുമ്പ് ലൈവ് ചന്തയും ആരംഭിച്ചു. ഇടക്കാലത്ത് നിറുത്തേണ്ടിവന്ന ലൈവ് ചന്തയാണ് വീണ്ടും പുനരാരംഭിക്കുന്നത്.
നാട്ടുചന്ത അംഗങ്ങൾക്ക് പുറമെ പ്രാദേശിക കർഷകർക്കും ചന്തയിൽ സാധനങ്ങൾ വിൽക്കാം. ഗുണഭോക്താക്കളുടെ നിരന്തര ആവശ്യം മുൻനിറുത്തിയാണ് ചന്ത വീണ്ടും തുടങ്ങുന്നതെന്നും, പ്രാദേശിക ഉത്പാദകരെ പ്രോത്സാഹിപ്പിക്കുകയും, അവർക്കായി വിപണി ലഭ്യമാക്കുകയാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകർ പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങളും വീടുകൾ കേന്ദ്രീകരിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങളും സ്റ്റാളിൽ ലഭ്യമാകും. ഫോൺ: 8086995753, 9539051234, 9746849839.