കയ്പമംഗലം: മതിലകം ഓൺലൈൻ കൂട്ടായ്മയുടെ നാട്ടുചന്ത വീണ്ടും ലൈവായി. മതിലകം പാരമൗണ്ടിന് സമീപം ഫിനിക്‌സ് കോമ്പൗണ്ടിലാണ് നാട്ടുചന്ത പുനരാരംഭിച്ചത്. നാട്ടുചന്തയിൽ അംഗങ്ങളായവരും അല്ലാത്തവരും വിവിധങ്ങളായ സാധനങ്ങളുമായി ചന്തയിലെത്തി. പ്രാദേശിക സംരംഭകരും, ഉത്പാദകരും, കർഷകരും, വീട്ടമ്മമാരുമെല്ലാം ചന്തയുടെ ഭാഗമായി.
പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം, കോഴി, അച്ചാറുകൾ, പൊടിയിനങ്ങൾ, നാടൻ പലഹാരങ്ങൾ, വറവ് ഇനങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ, ദം ബിരിയാണി തുടങ്ങി നിരവധി ഇനങ്ങൾ വിപണനത്തിനെത്തി. നല്ലയിനം കടൽ മത്സ്യങ്ങൾ വാങ്ങാൻ ആളേറെയായിരുന്നു. പുസ്തക വിൽപ്പനയ്ക്കും ഇടമുണ്ടായിരുന്നു.
രാവിലെ തുടങ്ങിയ ചന്ത വൈകിട്ട് വരെ നീണ്ടു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നാട്ടുചന്ത ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ആദ്യവിൽപ്പന സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങായ ഒ.എ. ജെൻടിൻ, സഞ്ജയ് ശാർക്കര, നാട്ടുചന്ത ഭാരവാഹികളായ എം.എസ്. ഉണ്ണിക്കൃഷ്ണൻ, പി.എ. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. 93ാം വയസിൽ പേപ്പർ ബാഗുമായി നാട്ടുചന്തയിലെത്തിയ ഉണ്ടേകടവിൽ കുഞ്ഞിമൊയ്തീനെ എം.എൽ.എ ആദരിച്ചു. കൊവിഡ് വേളയിൽ കൃഷ്ണനിവേദ് നയിച്ച ഓൺലൈൻ കൃഷി ചലഞ്ചിൽ വിജയികളായ ചിത്തിര കൃഷ്ണ, സായ കൃഷ്ണ, ഇംതിയാസ് ഖാൻ, ഇഹ്‌സാൻ ഖാൻ എന്നിവർക്കും, വിവിധ പരീക്ഷകളിൽ മികവ് പുലർത്തിയ നാട്ടുചന്ത അംഗങ്ങളുടെ മക്കളായ അമർ സിയാദ്, അഞ്ജലി, ലക്ഷ്മി, സഫാന, അമൃത് രാജ് എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.