cashew-nut

സൂക്ഷിച്ചുവച്ച കശുവണ്ടിയുമായി പൂലാനിയിലെ ഉണ്ണിക്കാരണവർ

ചാലക്കുടി: ചുറ്റുവട്ടത്തെ പറമ്പുകളിൽ നിന്നെല്ലാം കിട്ടുന്ന കശു അണ്ടികൾ ശേഖരിക്കും, ഒടുവിൽ വിറ്റുണ്ടാക്കുന്ന കാശിന് പടക്കവും കമ്പിത്തിരിയും വാങ്ങി കത്തിച്ചുള്ള ആഘോഷം, 1940 കളിലെ വിഷുക്കാലം അയവിറക്കുകയാണ് മേലൂർ പൂലാനിയിലെ തെക്കൂട്ട് ഉണ്ണി. പ്രായം 92ലെത്തിയെങ്കിലും ഓർമ്മകൾക്കൊന്നും തെല്ലും മങ്ങലില്ല. അന്നെല്ലാം വിഷു ആഘോഷിക്കണമെങ്കിൽ തൊടിയിൽ കശുമാവുകൾ വേണം. ഒളിഞ്ഞും തെളിഞ്ഞും അണ്ടി പെറുക്കിയെടുത്ത് പൊത്തുകളിൽ ഒളിപ്പിക്കലാണ് ആദ്യത്തെ വിരുത്. ഗോലിക്കായകൾക്കു പകരം കശുവണ്ടി കളിയും സാധാരണയായിരുന്നു. മിക്കവാറും എല്ലാ വീടുകളിലും പത്തു പതിനഞ്ചും കശുമാവുകൾ കാണും. ഒന്നാന്തരം അണ്ടികളും കിട്ടും. വേനൽക്കാലത്തെ കുടുംബങ്ങളുടെ വരുമാനവും ഈ പറങ്കിമാവുകളിൽ നിന്നായിരുന്നു. മുതിർന്നവരുടെ കണ്ണുകൾ വെട്ടിച്ചാണ് അണ്ടികൾ സ്വരൂപിക്കൽ. വിഷു അടുക്കുന്നതോടെ ഇവ മൊത്തമായി വിറ്റ് കാശാക്കും. നേരിട്ട് പടക്കകടകളിൽ കൊടുത്തും വെടിക്കോപ്പുകൾ വാങ്ങും. പൂലാനി ആൽ ജംഗ്ഷനിലെ വീട്ടിൽ ഇന്നും കൃഷി വൃത്തികളിൽ വ്യാപൃതനായ ഉണ്ണി മുത്തച്ചൻ പറയുന്നു. കാലം മാറിയതോടെ ഇവ പടികടന്നു. ഇന്ന് നാടാകെ പരതി നടന്നെങ്കിലെ കശുമാവുകളെ കാണാനാവുകയുള്ളു, അതും ഗുണമേന്മയില്ലാത്തവ. വലിയൊരു കശുമാവ് ഇന്നും വീട്ടുവളപ്പിലുണ്ട്. ഇതിന്റെ മേൽനോട്ടവും ഇദ്ദേഹത്തിനു തന്നെ. തൊണ്ണൂറ്റിരണ്ടിലെത്തിയെങ്കിലും അതിനുള്ള കെൽപ്പും കാര്യശേഷിയിമുണ്ട്. മദ്യപാനവും പുകവലിയുമില്ലാത്തിനാൽ ഇപ്പോഴും നല്ല ആരോഗ്യവാൻ. ജീവിതശൈലി രോഗങ്ങളും തൊട്ടുതീണ്ടിയിട്ടില്ല. കാഴ്ചയ്ക്കും കേൾവിക്കുമില്ല ഒരു തകരാറും. ഈ വിഷുക്കാലത്തും ഉണ്ണിമുത്തച്ചൻ കശുവണ്ടികൾ കൂട്ടിവച്ചിട്ടുണ്ട്, പക്ഷെ പടക്കം വാങ്ങിക്കാനല്ലെന്ന് മാത്രം. എങ്കിലും പേരക്കുട്ടികൾക്കൊപ്പം വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലുമാണ് കാരണവർ.

ഓലപ്പടക്കം, കമ്പിത്തിരി, ലാത്തിരി അങ്ങനെ ഏതാനും ഇനങ്ങൾ മാത്രമായിരുന്നു പഴയ കാലത്തെ വിഷു വിപണി. കാലണയ്ക്ക് ഇവയെല്ലാം കിട്ടും. അക്കാലത്തെ ഒന്നാന്തരം വരുമാന സ്രോതസായിരുന്നു കശുമാവ് കൃഷി.
-ഉണ്ണിക്കാരണവർ.