അന്തിക്കാട് കോൾപ്പടവിൽ കൊയ്യാറായ നെൽക്കതിരുകൾ വീണ് മുളച്ച നിലയിൽ.
അന്തിക്കാട് പാടശേഖരത്തിലെ നെൽച്ചെടികൾ നിലംപതിച്ചു
അന്തിക്കാട്: ന്യൂനമർദ്ദത്തെതുടർന്നുള്ള വേനൽ മഴയിൽ അന്തിക്കാട് പാടശേഖരത്തിലെ വിവിധ പടവുകളിൽ കനത്ത കൃഷി നാശത്തിന് സാദ്ധ്യതയെന്ന് ആശങ്ക. കൊയ്യാറായ ഏക്കർ കണക്കിന് പാടത്തെ നെല്ലാണ് നാശത്തിന്റെ വക്കിലുള്ളത്. പുള്ള്, അഞ്ഞൂറാം കോൾ, ഭഗവതി കോൾ തുടങ്ങിയ പടവുകളിലാണ് കാറ്റിലും മഴയിലും നെൽച്ചെടികൾ നിലംപതിച്ചിരിക്കുന്നത്.
വീണ നെല്ല് വെള്ളത്തിലും ചളിയിലും മുങ്ങിയതിനാൽ ഏതാനും ദിവസത്തിനകം അവ മുളയ്ക്കുമെന്ന സ്ഥിതിയിലാണ്. കാലാവസ്ഥാമാറ്റം മൂലം ഒരു മാസം വൈകിയാണ് ഈ പാടങ്ങളിൽ കൃഷിയിറക്കിയത്. വിത നടത്തിയ പാടങ്ങളിലാണ് നടീൽ നടത്തിയ പാടങ്ങളിലേതിനേക്കാൾ കൂടുതൽ കൃഷി നാശമുണ്ടായിരിക്കുന്നത്.
പടവ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് ഒക്ടോബർ പത്തിന് കൃഷിയിറക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തിയെങ്കിലും അന്ന് ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ 35 ദിവസത്തോളം വൈകി നവംബർ 15 ഓടെയാണ് കൃഷിയിറക്കാനായത്. വിളവെടുക്കാൻ പാകമായ സാഹചര്യത്തിലും ന്യൂനമർദ്ദം വീണ്ടും കർഷകരിൽ ആധിയേറ്റുകയാണ്. കൊയ്ത്ത് യന്ത്രം ഊഴം കാത്ത് കിടപ്പുണ്ടെങ്കിലും പാടത്ത് വെള്ളമായതിനാൽ ഇറങ്ങാനാകാത്ത സ്ഥിതിയിലാണെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടത്തെ അധിക ജലം പമ്പ് ചെയ്യുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഫലമില്ലെന്നും കർഷകർ പറയുന്നു.
വളത്തിന്റെ ക്രമാതീതമായ വിലവർദ്ധനവ് മൂലം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം ചെലവ് വളമിടലിന് വന്നു. മഴക്കെടുതിയിൽ നെല്ല് നശിക്കുമെന്ന സ്ഥിതിയിലായതോടെ ഇത്തവണത്തെ കൃഷി വൻ നഷ്ടമാകുമെന്ന് ആശങ്കയുണ്ട്.
- കർഷകർ