കുന്നംകുളം: നഗരത്തിലെ ഓട്ടോറിക്ഷാ പാർക്കിംഗ് പൂർണമായും പുനർക്രമീകരിക്കുന്നു. ടൗണിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും ഒറ്റനമ്പർ നടപ്പാക്കും. നഗരത്തിലെ ഏതു പാർക്കിലും പാർക്ക് ചെയ്യാനും എവിടെനിന്നും വാടക എടുക്കാനും ഈ ഓട്ടോറിക്ഷകൾക്ക് കഴിയും വിധത്തിലാണ് പുനർക്രമീകരണം. കുന്നംകുളം നഗരസഭയുടെയും ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഏപ്രിൽ 11 മുതൽ പുതിയ നിയമം നിലവിൽ വരും. വടക്കാഞ്ചേരി റോഡിൽ 20 ഓട്ടോറിക്ഷയും ഗുരുവായൂർ, തൃശൂർ, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ 15 ഓട്ടോറിക്ഷാ വീതവുമാണ് പാർക്കിംഗ് ഉണ്ടാവുക. താവൂസിന് സമീപത്തെയും പട്ടാമ്പി റോഡിലെ ടി.ടി. ദേവസിക്ക് മുമ്പിലുള്ള ഓട്ടോറിക്ഷ പാർക്കിംഗും ഉണ്ടാകില്ല. ഗുരുവായൂർ റോഡിലെ വൺവേ സംവിധാനം കർശനമായി നടപ്പാക്കും. ഇതിന്റെ ഭാഗമായി ശക്തമായ പൊലീസ് പരിശോധന ഉണ്ടാകും. ഗുരുവായൂർ, വടക്കാഞ്ചേരി, തൃശൂർ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് മാത്രമായിരിക്കും സവാരി അനുവദിക്കുക. എല്ലാ പാർക്കുകളിലും നഗരസഭാ ബോർഡുകൾ സ്ഥാപിക്കും. പുതിയ ബസ് സ്റ്റാൻഡിലും ഗുരുവായൂർ റോഡിലും ഓട്ടോറിക്ഷാ പാർക്കിനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തും. കക്കാട് മിനി സിവിൽ സ്റ്റേഷനിലും ചീരംകുളത്തും പുതിയ പാർക്കിംഗ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോ, ഓട്ടോ ടാക്‌സി ഗുഡ്‌സ് വണ്ടി എന്നിവ നഗരസഭാ പരിധിയിൽ ഉടമസ്ഥാവകാശം ഉള്ളവർക്ക് മാത്രമായിരിക്കും പുതിയ പെർമിറ്റ് അനുവദിക്കുക. ഓട്ടോറിക്ഷാ പാർക്കുകളിൽ മറ്റു വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ലെന്നും നഗരസഭാ അധികൃതരും പൊലീസും അറിയിച്ചു.