കൊടുങ്ങല്ലൂർ: ശ്രീ സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ ഹരിതഭവനം പദ്ധതിക്ക് കൊടുങ്ങല്ലൂരിൽ തുടക്കം. ശുദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും അവരവരുടെ ഭവനങ്ങളിൽ തന്നെ നട്ടുവളർത്തി കുടുംബത്തിനും സമൂഹത്തിനും വിഷരഹിത പച്ചക്കറികളും ഫലവർഗങ്ങളും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇതിന്റെ മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട 40 ഭവനങ്ങളിൽ പച്ചക്കറി വിത്തുകളും പഴവർഗത്തിനുള്ള ചെടികളും സംഘടന നൽകി.

ജില്ലയിൽ ആയിരം ഭവനങ്ങളെങ്കിലും ഹരിതാഭമാക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. സമ്പുഷ്ടമായ ഫലസിദ്ധിക്കായി എല്ലാ ഭവനങ്ങളിലെ അംഗങ്ങൾക്കും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഹരിതഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശ്രീ സത്യസായി സേവാ സംഘടനാ ജില്ലാ പ്രസിഡന്റ് ടി.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സത്യസായി ഭജൻ മണ്ഡലി അങ്കണത്തിൽ നടന്ന ചടങ്ങിൽ സമിതി കൺവീനർ എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. സംഘടനാ സേവന വിഭാഗം ജില്ലാ ഇൻചാർജ് പി.ജി. സതീഷ്, മുരളീധരൻ കിഴുത്താണി, കെ.കെ. രഘുനന്ദൻ, മണ്ഡലി ഇൻചാർജ് അഖിലേശ് എം, ഒ.വി. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ശ്രീ സത്യസായി സേവാ സമിതി കൊടുങ്ങല്ലൂർ യൂണിറ്റാണ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.