പാവറട്ടി: സിനിമയുടെ സാങ്കേതികതയ്ക്കപ്പുറം കലാകാരന്റെ പ്രതിഭ തിളങ്ങുന്നതാവണം സൃഷ്ടികൾ എന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അഭിപ്രായപ്പെട്ടു. ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും പാവറട്ടി ജനകീയ ചലച്ചിത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആറാമത് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി പുരസ്‌കാരവും ശ്രീരാമൻ വിതരണം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായിരുന്നു. ചേതന അക്കാഡമി ഡയറക്ടർ ഫാ.ബെന്നി ബെനഡിക്ട്, സംവിധായകൻ ദേവരാജൻ മൂക്കോല എന്നിവർ മുഖ്യാതിഥികളായിരുന്നു.
മികച്ച ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം നടരാജൻ പട്ടാമ്പി സംവിധാനം ചെയ്ത തണലിടങ്ങൾ എന്ന ചിത്രത്തിനും മികച്ച ഡോക്യുമെന്ററി ജയ ജോസ്‌രാജ് സംവിധാനം ചെയ്ത ഒരടി മുകളിലേക്ക് ആയിരം താഴേക്ക് എന്ന ഡോക്യുമെന്ററിയും നേടി. സുമേഷ് ചാലിശ്ശേരി സംവിധാനം ചെയ്ത സ്വല്ലാത്ത വാർത്തെ, നിക്‌സൺ ഗുരുവായൂർ സംവിധാനം നിർവഹിച്ച കറക്ഷൻ എന്നിവയ്ക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു.
മികച്ച ഹാസ്യ ചിത്രമായി ജിയോ സണ്ണി സംവിധാനം ചെയ്ത മണവാട്ടിയും മികച്ച സാമൂഹിക ചിത്രങ്ങളായി ബിനീഷ് താമരയൂർ സംവിധാനം ചെയ്ത അനന്തരം ഗിരീശൻ, പ്രദീപ് നാരായണൻ സംവിധാനം ചെയ്ത ഉച്ചപ്രാന്ത്, ഷഹീർ മുഹമ്മദ് സംവിധാനം ചെയ്ത എലോൺ എന്നിവയും തിരഞ്ഞെടുത്തു. മണിമേൻ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് കുമാർ മികച്ച നടനായും കരിക്കട്ടകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് എ.ആർ.രഞ്ചു മികച്ച നടിയായും തിരഞ്ഞെടുത്തു. ബാലനടനായി സിബി രവീന്ദ്രൻ (യെല്ലോ റൈസ്), ബാലനടിയായി അനിഘ ഗിരീഷ് (ഗോമതി) എന്നിവരെ തിരഞ്ഞെടുത്തു.
സിനിമാ നാടക കലാസംവിധായകൻ ജെയ്‌സൻ ഗുരുവായുർ അവാർഡ് പ്രഖ്യാപനം നടത്തി. സംവിധായകൻ ഓസ്‌കാർ സൈജോ കണ്ണനായ്ക്കൽ, ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത്ത്കുമാർ, കൗൺസിലർ മെഹറൂഫ്, മുല്ലശ്ശേരി ബ്ലോക്ക് മൾട്ടിപർപ്പസ് ബാങ്ക് പ്രസിഡന്റ് പി.കെ.രാജൻ, മാത്യൂസ് പാവറട്ടി, സന്തോഷ് ദേശമംഗലം, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ദേവൂട്ടി ഗുരുവായൂർ, ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, റെജി വിളക്കാട്ടുപാടം, എം.ജി. ഗോകുൽ, കെ.സി.അഭിലാഷ്, ടി.കെ.സുരേഷ്, വർഗീസ് ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.