nal-krishi

നെടുംബാൾ ധനുകുളം പടവിലെ കൊയ്യാൻ പാകമായ നെൽകൃഷി വെള്ളത്തിലായപ്പോൾ.

പുതുക്കാട്: ശക്തമായ വേനൽ മഴ നെൽക്കർഷകരുടെ പ്രതീക്ഷകളെ താളം തെറ്റിക്കുന്നു. ശക്തമായ വേനൽ മഴ മൂലം പാടത്ത് വെള്ളം കെട്ടി നിൽകുന്നതിനാൽ പലയിടത്തും കൊയ്യാൻ പാകമായ നെൽക്കൃഷി നശിക്കുകയാണ്. ശക്തമായ മഴയിൽ നെടുംബാൾ ധനുകുളം പടവിലെ കൊയ്യാൻ പാകമായ 100 ഏക്കർ നെൽകൃഷി വെള്ളത്തിലായി. ശക്തമായ ആദ്യമഴയിൽ തന്നെ വീണ നെൽകതിർ മുളച്ചു തുടങ്ങി. മാർച്ച് അവസാനത്തിന് മുമ്പായി ഈ പാടശേഖരത്തിലെ കൊയ്ത്ത് തീരാറുള്ളതാണ്. ഇത്തവണ നവംബർ മാസത്തിൽ കാലം തെറ്റി മഴ തുടർന്നതിനാൽ വിത്തിറക്കാനും വൈകി. മൂപ്പ് കൂടിയ ശ്രേയസ് നെൽ വിത്താണ് ഇവിടെ കൃഷി ഇറക്കിയത് എന്നതും കർഷകർക്ക് വിനയായി. ഒരാഴ്ചയായുള്ള ശക്തമായ മഴയെ തുടർന്ന് വയലിൽ വെളളവും ചെളിയും നിറഞ്ഞതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കി വിളവെടുക്കാനും പറ്റാതായി. മുരിയാട് കായലിന്റെ ഭാഗമാണ് ധനുകുളംപടവും. ലോണെടുത്തും സ്വർണം പണയം വച്ചുമാണ് ഇവിടെ മിക്ക കർഷകരും കൃഷി ഇറക്കിയിട്ടുള്ളത്. കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് വിറ്റ് ലോൺ തീർക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കർഷകർക്ക് കണ്ണീർമഴയായി ശക്തമായ വേനൽ മഴ.

ധനസഹായം നൽകണമെന്ന് ആവശ്യം
വേനൽ മഴ ചതിച്ച ധനുകുളം പാടശേഖരത്തെ നെൽ കർഷകർക്ക് അടിയന്തരമായി ധനസഹായം നൽകണമെന്ന് കേരള കർഷക സംഘം മേഖലാ സെക്രട്ടറി, ഷാജു കോമ്പാറക്കാരൻ ആവശ്യപ്പെട്ടു. വൈകി കൃഷി ഇറക്കിയ സമയത്ത് മൂപ്പ് കുറഞ്ഞ നെൽവിത്ത് ലഭിക്കാതിരുന്നതാണ് മുപ്പ് കൂടിയ ശ്രേയസ് വിത്ത് തന്നെ കൃഷി ഇറക്കാൻ കർഷകർ തയ്യാറായതെന്നും ഷാജു പറഞ്ഞു.