ചാലക്കുടി: കോടശേരി പഞ്ചായത്തിൽ രണ്ടാം വാർഡിലെ പാറമടയിൽ വൻതോതിൽ രാസ ഖരമാലിന്യങ്ങൾ തള്ളുന്നതായി പരാതി. രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം പ്രവർത്തനം നാട്ടുകാർക്ക് ഭീഷണിയായി മാറി. കൊച്ചി കോർപ്പറേഷൻ, വിവിധ വ്യവസായ പാർക്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് നായരങ്ങാടി അഞ്ചുകമ്പനിയിലെ പാറമടയിലെത്തുന്നത്. കരാർ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന ഇവ ക്വാറി ഉടമയുടെ ഒത്താശയോടെയാണ് തങ്ങളുടെ നാട്ടിൽ കൊണ്ടുവന്ന് തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സെപ്റ്റിക് ടാങ്ക് മാലിന്യവും ഇതിലുണ്ടെന്ന് പറയുന്നു. ട്രൈബൽ സ്‌കൂൾ, വിവിധ കോളനികൾ, നൂറുകണക്കിന് വീടുകൾ എന്നിവയ്‌ക്കെല്ലാം ക്വാറിയിലെ മാലിന്യം ഭീഷണിയായി. കിണറുകളിലേക്കും മറ്റും ഇവയെത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആരോഗ്യ വകുപ്പും റവന്യു അധികൃതരും എത്രയും ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.