തൃശൂർ: പെരുമ്പിലാവ് മേഖലയിൽ ഹോട്ടലുടമകൾക്കും ജീവനക്കാർക്കുമെതിരെ ഉണ്ടാവുന്ന നിരന്തര ആക്രമണങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപെടികളെടുത്ത് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബാറിൽ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആക്രമിയെ അനുനയിപ്പിച്ച് പുറത്താക്കുന്നതിനിടെ ഉടമയും കെ.എച്ച്.ആർ.എ ജില്ലാ എക്‌സി. അംഗവും യൂണിറ്റ് ട്രഷററുമായ ഗോവിന്ദൻ കുട്ടിയെയും രക്ഷിക്കാൻ ശ്രമിച്ച ജീവനക്കാരെയും ആക്രമി കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഉടമയുടെ കൈ തല്ലിയൊടിച്ചു. ഷവർമ്മയ്ക്ക് വില കൂടുതലാണ് എന്ന് പറഞ്ഞ് കരി ഓയിൽ ഒഴിച്ചു. ഗുണ്ടാസംഘങ്ങളെ രാഷ്ട്രീയ പാർട്ടികൾ സംരക്ഷിക്കരുതെന്നും സമാധാനപരമായ അന്തരീക്ഷത്തിൽ കച്ചവടം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന്ന് ശക്തമായ നടപടികൾ ഉണ്ടാവണമെന്നും ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ നേതാക്കളായ വിനേഷ് വെണ്ടൂർ, സുന്ദരൻ നായർ, വി.ജി. ശേഷാദ്രി, വി.ആർ. സുകുമാർ, ജി.കെ. പ്രകാശ്, എം. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.