കുന്നംകുളം: ടേക്ക് എ ബ്രേക്ക് പദ്ധതി കുന്നംകുളം നഗരസഭയിൽ പി.ഡബ്ല്യു.ഡി അധികൃതർ തടസപ്പെടുത്തുകയാണെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം. നഗരസഭാ പ്രദേശത്തെ അഞ്ച് സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. നഗരസഭാ ടൗൺഹാൾ, ത്രിവേണി ജംഗ്ഷൻ, ഗുരുവായൂർ റോഡിലെ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി. പട്ടാമ്പി റോഡിലും വടക്കാഞ്ചേരി റോഡിലും അയ്യപ്പത്ത് റോഡിലേക്ക് തിരിയുന്ന രണ്ടു സ്ഥലങ്ങളിലുമാണ് പദ്ധതിക്കായി പി.ഡബ്ല്യു.ഡി ഭൂമി വിട്ടു നൽകാൻ തീരുമാനിച്ചിരുന്നത്. ഇവിടെ പി.ഡബ്ല്യു.ഡി അധികൃതർ 10 മാസമായിട്ടും ഭൂമി വിട്ടു നൽകിയിട്ടില്ല. റോഡ് നിർമ്മാണം കഴിഞ്ഞതിനുശേഷം പദ്ധതിക്ക് നിർമ്മാണ അനുമതി നൽകാമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചത്. എന്നാൽ റോഡ് നിർമാണം കഴിഞ്ഞിട്ടും ഭൂമി വിട്ടു നൽകാൻ പി.ഡബ്ല്യു.ഡി തയ്യാറായില്ല. പി.ഡബ്ല്യു.ഡിയുടെ നടപടിയിൽ നഗരസഭ കൗൺസിൽ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.
കൊവിഡ് സാഹചര്യത്തിൽ മുടങ്ങിയ നഗരസഭയിലെ കെട്ടിട നമ്പറിംഗ് അടിയന്തരമായി പൂർത്തീകരിക്കുമെന്ന് ചെയർപേഴ്‌സൺ സൂചിപ്പിച്ചു. സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ തയ്യാറാക്കും. ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ ഭൂമി പൊതുജന പങ്കാളിത്തോടെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ നടപ്പാക്കും. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കാത്തു നിൽക്കുന്നവർക്ക് അടിസ്ഥാനസൗകര്യം ഏർപ്പെടുത്തും. ഇതിനായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. നഗരസഭാ പരിധിയിലെ ബയോമാലിന്യങ്ങൾ കൊച്ചിയിലെ കെ.ഇ.ഐ.എൽ സ്ഥാപനത്തിന് ഹരിതകർമ്മ സേന വഴി 70 രൂപ നിരക്കിൽ ശേഖരിച്ചു നൽകും. നഗരസഭ പത്തൊമ്പതാം വാർഡിൽ മാലിന്യം കൊണ്ടുവന്ന തള്ളുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ ലെബീബ് ഹസൻ ആവശ്യപ്പെട്ടു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കി മാലിന്യം തള്ളുന്നവർക്കെതിരെ പിഴയടക്കം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല വളണ്ടിയർമാർക്ക് ചുമതല നൽകുമെന്നും ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ അറിയിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതി നഗരസഭ വേണ്ടെന്ന് വെച്ചിട്ടില്ല. പി.ഡബ്ല്യു.ഡി അധികൃതരുമായി വീണ്ടും ചർച്ച ചെയ്തു പദ്ധതി നടപ്പാക്കും.
-സീത രവീന്ദ്രൻ
(നഗരസഭാ ചെയർപേഴ്‌സൺ)