mango-jackവേലായുധന്റെ വളപ്പിലെ ചക്കകൾ

കൊടുങ്ങല്ലൂർ: മാങ്ങയുടെയും തേങ്ങയുടെയും വലിപ്പത്തിൽ പ്ലാവ് മുഴുവൻ ചക്കകൾ, അതും ഇലയോളം എണ്ണത്തിൽ.

പുല്ലൂറ്റ് നീലക്കംപാറയിൽ കൊണ്ടിയാറ വേലായുന്റെ വീട്ടുവളപ്പിലെ പ്ലാവുകളിലാണ് നാട്ടില്ലൊന്നും കാണാത്ത തരം വ്യത്യസ്തമായ ചക്കകൾ കായ്ച്ച് കിടക്കുന്നത്. മാങ്ങയുടെയും തേങ്ങയുടെയും വലിപ്പത്തിൽ കായ്ക്കുന്ന രണ്ട് പ്ലാവുകളാണ് വേലയുധന്റെ വീട്ടുവളപ്പിലുള്ളത്. ഒന്നിനെ മാങ്ങ ചക്കയെന്നും മറ്റൊന്നിനെ തേങ്ങ ചക്കയുമെന്നുമാണ് വീട്ടുകാർ വിളിക്കുന്നത്. വർഷത്തിൽ നാലായിരത്തോളം ചക്കകൾ കായ്ക്കുമെന്ന് വിമുക്ത ഭടനായ വേലായുധൻ പറയുന്നു. കുല പൊട്ടി അതിൽ നിന്നും മുളച്ചാണ് ചക്കയുണ്ടാകുന്നത്. ഒരു സമയം കഴിഞ്ഞാൽ ചക്ക പഴുത്ത് കൂട്ടത്തോടെ താഴെ വീഴും. പലരും വെട്ടിമാറ്റാൻ പറഞ്ഞുവെങ്കിലും വേലായുധൻ കൂട്ടാക്കിയില്ല.

മാങ്ങ - തേങ്ങ ചക്കയുടെ വിശേഷം

മാങ്ങ ചക്കയിൽ ആറോ എട്ടോ ചുളകളെ ഉണ്ടാകുകയുള്ളൂ. ഉള്ള ചുളകൾക്കും കുരുവിനും സാധാരണ ചക്കയിൽ ഉണ്ടാകുന്ന ചുളയുടെയും കുരുവിന്റെയും വലിപ്പമുണ്ട്. തേങ്ങ പ്ലാവിൽ 600 ഓളം ചക്കകൾ സീസണിൽ ഉണ്ടാകും.

വീട്ടുകാർ അധികവും ഇടിയൻ ചക്ക രൂപത്തിലുള്ളവയാണ് കറിയ്ക്ക് ഉപയോഗിക്കുന്നത്. കോഴിമുട്ട ചിക്കി പാകപ്പെടുത്തിയാലുള്ള രുചി അനുഭവമാണ് കറിക്കുള്ളതെന്ന് പറയുന്നു. സാധാരണ ചക്ക കഴിച്ചാലുള്ള ഗ്യാസിന്റ ശല്യം ഈ ചക്കക്കില്ലെന്നും വേലായുധൻ സാക്ഷ്യപ്പെടുത്തുന്നു.