കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിലിൽ ബി.ജെ.പി പാർലമെന്ററി കക്ഷി നേതാവ് ടി.എസ്. സജീവൻ അവതരിപ്പിച്ച പ്രമേയം ചർച്ചക്കെടുക്കാതെ കൗൺസിൽ അവസാനിപ്പിച്ച ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവരുടെ നടപടിയിൽ ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. ബൈപാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിലും, നാഷണൽ ഹൈവെ അതോറിറ്റി ഒഫ് ഇന്ത്യയോട് സത്വര നടപടിയിലൂടെ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും, അതുവരെ താത്കാലികമായി സർവീസ് റോഡിൽ നഗരസഭ വിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടുള്ള പ്രമേയമാണ് അവതരിപ്പിച്ചത്. രശ്മി ബാബു, ശാലിനി വെങ്കിടേഷ്, അഡ്വ. ടി.ഡി. വെങ്കിടേശ്വരൻ, ശിവറാം, സുമേഷ് എന്നിവർ സംസാരിച്ചു.