ഒല്ലൂർ: കാർഷിക കൂട്ടായ്മയായ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 13, 14 തീയതികളിൽ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടക്കുന്ന കാർഷിക സംരഭകത്വ മേള (കൃഷി സമൃദ്ധി മേള) റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാവരേയും കൃഷിയിലേക്ക് ആകർഷിക്കുകയും കാർഷിക മേഖലയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചന മത്സരം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. 14ന് രാവിലെ 11 ന് സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ വിതരണം ചെയ്യും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി വിശിഷ്ടാതിഥിയാകും.