പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. ജോയ് ആലുക്കാസ് ഫൗണ്ടേഷനാണ് എളവള്ളിയിലെ നിലവിലുള്ള 15 പേർക്ക് സൗജന്യമായി കിറ്റ് നൽകിയത്. മൂന്നു മാസം തുടർച്ചയായി കിറ്റ് ലഭിക്കും.
ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, ചെറുപുഷ്പം ജോണി, ശ്രീബിത ഷാജി, സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, സീമ ഷാജു, ജീന അശോകൻ, പി.എം. അബു, ലിസി വർഗീസ്, ജോയ് ആലുക്കാസ് തൃശൂർ ബ്രാഞ്ച് മാനേജർ ടി.എസ. ്‌ജെയ്‌സൺ, കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ചിന്ത വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
പദ്ധതി കേരളത്തിൽ ആദ്യം
കേരളത്തിൽ ആദ്യമായി എളവള്ളി പഞ്ചായത്താണ് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന മുഴുവൻ ഡയാലിസിസ് രോഗികൾക്കും സൗജന്യമായി കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചത്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് ജനകീയാസൂത്രണ പദ്ധതി പ്രകാരം വകയിരുത്താനാണ് തീരുമാനം. വർദ്ധിച്ച പണച്ചെലവ് വരുന്ന ഡയാലിസ് ചികിത്സകൊണ്ട് സാമ്പത്തികമായി തകരുന്ന സാധാരണക്കാർക്ക് ഗ്രാമപഞ്ചായത്ത് സംരക്ഷണം നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നവർ ഉൾപ്പെടെ മുഴുവൻ പേർക്കും വർഷം മുഴുവൻ ഡയാലിസിസ് കിറ്റ് നൽകാനാണ് ധാരണ. ആദ്യഘട്ടമെന്ന നിലയിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കിറ്റ് വിതരണം ചെയ്തത്.