ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. മേയിൽ നടക്കുന്ന 2022ലെ ഉത്സവത്തിന് മുമ്പേ നവീകരണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികൾ നടക്കുന്നത്. മേൽക്കൂര നിർമ്മാണം പൂർത്തിയാക്കി ഓടിട്ടു. എന്നാൽ ഗോപുര വാതിൽ, ഇലക്ട്രിക്കൽ വർക്കുകൾ, കരിങ്കൽ അറ്റകുറ്റപണികൾ എന്നിവ ഇനിയും പൂർത്തിയാക്കാനുണ്ട്. പരമ്പരാഗത രീതിയായ സുർക്കി ഉപയോഗിച്ചാണ് കരിങ്കല്ലുകൾ യോജിപ്പിക്കുന്നത്.
ഗോപുരത്തിന്റെ ചുമരും പരമ്പരാഗത കുമ്മായക്കൂട്ടുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിനാണ് കൂടുതൽ സമയം വേണ്ടിവരിക. നൂറോളം ഭക്തരുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിൽ 55 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരത്തിന്റെ പഴമയും പ്രൗഢിയും നിലനിറുത്തിയുള്ള പഴയകാല തച്ചുശാസ്ത്രരീതി അനുസരിച്ചാണ് മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ഏറെ ജീർണാവസ്ഥയിലായിരുന്ന ഗോപുരത്തിന്റെ മുകൾഭാഗം പൂർണ്ണമായും ഇറക്കി പുതിയ തേക്ക് തടി ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ 450 ക്യൂബിക് തേക്ക് ഉപയോഗിച്ചു. വരിക്കപ്ലാവിൽ നിർമ്മിച്ചിരുന്ന ഗോപുരത്തിലെ കേടുവന്ന ശിൽപങ്ങൾ വരിക്കപ്ലാവ് തടിയിൽ തന്നെ പുനർനിർമ്മിച്ചു. പാരമ്പര്യമായി നിർമ്മിക്കുന്ന ഔഷധക്കൂട്ട് ഉപയോഗിച്ച് എണ്ണ മരഉരുപ്പടികളിൽ തേച്ചു പിടിപ്പിക്കുന്നുണ്ട്. 2021 ഒക്ടോബർ 20 ന് ആരംഭിച്ച നവീകരണ പ്രവൃത്തികൾ ഇതിനോടകം 90 ശതമാനത്തോളം പൂർത്തിയാക്കാൻ നവീകരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യ വാസ്തു വിദഗ്ദ്ധനായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് കൺസൾട്ടന്റ്. സുരേഷ് ഇലമ്പലക്കാട്ടിനാണ് മരപ്പണിയുടെ ചുമതല. നവീകരണ പ്രവർത്തനം മേയിലെ 2022ലെ ഉത്സവത്തിന് മുമ്പായി തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നവീകരണ സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് പറഞ്ഞു.