മഴക്കാല പൂർവ ശുചിത്വ പ്രവർത്തനങ്ങളെകുറിച്ച് തളിക്കുളം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.ഐ. സജിത സംസാരിക്കുന്നു.
തളിക്കുളം പഞ്ചായത്ത് അവലോകനയോഗം ചേർന്നു
തളിക്കുളം: പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചിത്വ പ്രവർത്തനം, മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഞ്ചായത്ത്തല അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത, അംഗങ്ങളായ എം.കെ. ബാബു, ബുഷ്ര അബ്ദുൾ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ്കുമാർ, ഡോ. ലിറ്റി ടോം, ഡോ. വി.സി. കിരൺ, കൃഷി ഓഫീസർ എ.ടി ഗ്രേസി എന്നിവർ സംസാരിച്ചു.
യോഗ തീരുമാനങ്ങൾ
പ്ലാസ്റ്റിക് നിരോധനം സമ്പൂർണമായും നടപ്പിലാക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും.
കൊതുക്ജന്യ രോഗങ്ങൾ , എലിപ്പനി, മറ്റു പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കും.
ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവ സംയോജിപ്പിച്ചുകൊണ്ട് പ്ലാസ്റ്റിക് ശേഖരണം ശക്തിപ്പെടുത്തും.
ഖരമാലിന്യം, അജൈവ മാലിന്യം, ദ്രവമാലിന്യ സംസ്കരണങ്ങൾ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.
കൃത്യമായ ഇടവേളകളിൽ അജൈവ മാലിന്യം ശേഖരിച്ച് എം.സി.എഫിലേക്കും തുടർന്ന് ആർ.ആർ.എഫിലേക്കും എത്തിക്കും.
ആയുർവേദത്തിലും ഹോമിയോപ്പതിയിലും പകർച്ചവ്യാധി പ്രതിരോധത്തിനും വ്യക്തിഗത രോഗപ്രതിരോധത്തിനും മുൻഗണന നൽകും.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എലിനശീകരണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങളും എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും നടപ്പിലാക്കും.
ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കും വയോജനങ്ങൾക്കും രോഗപ്രതിരോധ ക്ലാസുകൾ സംഘടിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതികൾ മഴയ്ക്ക് മുമ്പ് നടപ്പിലാക്കും.
റോഡുകളും, തോടുകളും വൃത്തിയാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കും.
കോളനികൾ കേന്ദ്രീകരിച്ച് സോക്കേജ് പിറ്റ് സ്ഥാപിക്കും.
കുളങ്ങളും തോടുകളും കണ്ടെത്തി മത്സ്യക്കൃഷി നടത്തും.