ചേർപ്പ്: ഇത്തവണയും വിഷുവിന് കണിവെള്ളരിയൊരുക്കാനുള്ള തിരക്കിലായിരുന്നു ജൈവകർഷകനായ ചേർപ്പ് പടിഞ്ഞാട്ടുമുറി കാക്രാലി അബ്ദുൾ കരീം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിഷുവിന് കരീം വിളവെടുക്കുന്ന കണിവെള്ളരിക്ക് സമീപത്തെ മാർക്കറ്റിൽ വൻ ഡിമാൻഡാണ്. വാടാനപ്പിള്ളി, ചേർപ്പ്, ചാഴൂർ, തൃപ്രയാർ എന്നിവടങ്ങളിലെ കടകളിലേക്കാണ് പ്രധാനമായും വെള്ളരികൾ എത്തിക്കുന്നത്. ഇക്കുറി 20 ടണ്ണോളം വിളവെടുക്കാനായെന്ന് പ്രവാസിയായിരുന്ന കരീം പറയുന്നു. കിലേയ്ക്ക് 23 രൂപ നിരക്കിലാണ് വിൽപ്പന. വെള്ളരിക്ക് പുറമെ ചീര, കക്കരി, പയർ, വഴുതിന എന്നിവ കരീമിന്റെ കൃഷിയിടത്തിൽ വിളഞ്ഞ് നിൽക്കുന്നുണ്ട്. കൃഷിയിടത്തിൽ കരീമിനെ സഹായിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എപ്പോഴുമുണ്ട്.