തൃശൂർ: സി.ഐ.ടി.യു തൊഴിലാളിയുടെ മരണത്തിൽ ഉത്തരവാദികളെ സി.പി.എമ്മും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ. ആത്മഹത്യാക്കുറിപ്പിൽ ബ്രാഞ്ച് സെക്രട്ടറിയുടെ പേര് വ്യക്തമായി പരാമർശിച്ചിട്ടും വീട്ടുകാർ മൊഴി നൽകിയിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യേണ്ട ഗുരുതര കേസിലാണ് പൊലീസിന്റെ ഒളിച്ചുകളി. പ്രവർത്തകന്റെ ദാരുണ മരണം നടന്നിട്ടും നേതാക്കളാരും ആ വീട്ടിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ നിന്നുതന്നെ പാർട്ടിയുടെ പങ്ക് വ്യക്തമാണ്. ഈ സംഭവങ്ങളെക്കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും അനീഷ്‌കുമാർ ആവശ്യപ്പെട്ടു.
പീച്ചി കോലഞ്ചേരി വീട്ടിൽ സജിയുടെ വീട് അനീഷ്‌കുമാർ സന്ദർശിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രനീഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, ജയൻ, സുബീഷ് എന്നിവരും ഉണ്ടായിരുന്നു.