1
കണിവെള്ളരിയുടെ വിളവെടുപ്പ് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിളവെടുത്ത കണിവെള്ളരികൾ മുഴുവൻ സൗജന്യമായി വിതരണം ചെയ്ത് സി.പി.എം പ്രവർത്തകർ. മിണാലൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയാണ് വാർഡിലെ 350 ഓളം വീടുകളിലും കണിയൊരുക്കാൻ വെള്ളരികൾ എത്തിച്ചു നൽകുന്നത്. പ്രളയ മഹാമാരികാലത്തെ പ്രതിസന്ധികളെ മറികടന്നെത്തുന്ന വിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങുന്ന നാടിനെ കരുതലോടെ ചേർത്തു നിറുത്തുകയാണ് പ്രവർത്തകർ. വെണ്ട, പയർ, മത്തൻ തുടങ്ങിയ വിവിധ പച്ചക്കറികളോടൊപ്പം നൂറുകണക്കിന് വെള്ളരികളും കൃഷിയിടത്തിൽ നിറഞ്ഞിരുന്നു. വാർഡിലെ മുഴുവൻപേർക്കും വെള്ളരി സൗജന്യമായി നൽകാനും തീരുമാനമെടുത്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. സി.പി.എം എൽ.സി. സെക്രട്ടറി വി.ബി പീതാംബരൻ, പി. മോഹൻദാസ്, കെ.എ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.