shock

തൃശൂർ: ബോധവത്കരണം ഊർജ്ജിതമാക്കിയിട്ടും വൈദ്യുതി അപകടവും അത്യാഹിതവും കുറയാത്തതിനാൽ നിസഹായരായി ഉദ്യോഗസ്ഥർ. മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി കാര്യാട്ടുകര സ്വദേശി ശാരദ (56) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്തരം അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധയും അലംഭാവവും അറിവില്ലായ്മയുമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാർ പറയുന്നു.

ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളികൾ മരിക്കുന്ന സംഭവങ്ങളുണ്ട്. ഇതിനുപുറമെ അപകടത്തിൽപെടുന്ന പൊതുജനങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവില്ല. വൈദ്യുതി വേലികളിൽ നിന്നും പൊട്ടിവീണ വൈദ്യുതിക്കമ്പികളിൽ നിന്നും ഷോക്കേറ്റ് ചാവുന്ന മൃഗങ്ങളും കുറവല്ല. 2019 - 20ൽ 30 പേരാണ് തൃശൂരിൽ മരിച്ചത്. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു തൃശൂർ.

കഴിഞ്ഞ വർഷം പാലക്കാടായിരുന്നു മുന്നിൽ. 38 പേർ. ലൈനിന് സമീപമുള്ള ഫലവൃക്ഷങ്ങളിൽ നിന്ന് ചക്ക, മാങ്ങ, പപ്പായ തുടങ്ങിയവ പറിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുമ്പോഴാണ് കൂടുതലും അപകടമുണ്ടാകുന്നത്.

ബോധവത്കരണം ഇങ്ങനെ

വൈദ്യുതി ബോർഡും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. ബോർഡിന്റെ വെബ്‌സൈറ്റിൽ ബോധവത്കരണ സന്ദേശവുമുണ്ട്. എല്ലാ ജൂണിലും വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നു.

ശ്രദ്ധിക്കേണ്ടത് ഇവ

വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള വൃക്ഷങ്ങളിൽ നിന്ന് ഇരുമ്പുതോട്ടി പോലെയുള്ളവ ഉപയോഗിച്ച് ഫലങ്ങൾ പറിക്കരുത്.

പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളിൽ തൊടരുത്.

നനഞ്ഞ തറയിൽ നിന്നുകൊണ്ട് വൈദ്യുതോപകരണം പ്രവർത്തിപ്പിക്കരുത്.

കുട്ടികൾക്ക് എത്തും വിധം വൈദ്യുതി ഉപകരണം സ്ഥാപിക്കരുത്.

വൈദ്യുതി ലൈനുകൾക്ക് ചുവട്ടിൽ മരം നടരുത്.

ഒരു പ്‌ളഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ പ്രവർത്തിപ്പിക്കാവൂ.