പുതുക്കാട്: ഒരടി മുതൽ നാലടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങൾ.. പല വർണങ്ങളിലൊരുങ്ങിയ എല്ലാ കൃഷ്ണൻമാർക്കും മന്ദസ്മിതം തൂകുന്ന ഭാവം, കൈയ്യിൽ ഓടക്കുഴൽ. രാജസ്ഥാൻ സ്വദേശിയായ ബൻസിലാലിന്റെ കരവിരുതിൽ ഒരുങ്ങിയ നൂറുകണക്കിന് കൃഷ്ണവിഗ്രഹങ്ങളാണ് നെല്ലായി ദേശീയപാതയോരത്തുള്ളത്.
കൊളത്തൂരിലെത്തിയിട്ട് ബൻസിലാൽ പത്തുവർഷമായി. ദേശീയപാതയോരത്ത് വീട് വാടകയ്‌ക്കെടുത്ത് കുടുംബ സമേതമാണ് താമസം. വിഷു അടുക്കുമ്പോഴാണ് കൃഷ്ണവിഗ്രഹം തേടി ആളുകൾ കൂടുതലെത്തുന്നതെന്ന് ഈ 42കാരൻ പറയുന്നു. കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള വ്യാപാരികൾ മറ്റ് സമയങ്ങളിൽ വിഗ്രഹം വാങ്ങാനെത്തും.
കഴിഞ്ഞ രണ്ടുവർഷവും കച്ചവടം കുറവായിരുന്നു, ഇത്തവണ നല്ല തിരക്കാണെന്നും ബൻസിലാൽ പറയുന്നു. കടക്കാർക്ക് ആവശ്യത്തിന് കൊടുക്കാൻ പറ്റിയില്ലത്രെ. റബ്ബറിൽ മോൾഡുണ്ടാക്കി ജിപ്‌സം ഉപയോഗിച്ചാണ് നിർമ്മാണം. പിന്നെ വർണ്ണച്ചായങ്ങൾ നൽകുന്നതോടെ കൃഷ്ണവിഗ്രഹങ്ങൾ ജീവസുറ്റതാകും. ബൻസിലാലിന്റ ഭാര്യ പുഷ്പംബയാണ് കൃഷ്ണവിഗഹങ്ങളുടെ കണ്ണുകൾക്ക് നിറം പകരുന്നത്.
വിഷുക്കാലത്തെ തിരക്ക് പരിഹണിച്ച് ഇത്തവണ നാട്ടിൽ നിന്നും അഞ്ചുപേരെ ജോലിക്ക് കൊണ്ടുവന്നിട്ടുണ്ട്. റബ്ബർ മോൾഡുണ്ടാക്കാൻ പിതാവിൽ നിന്നാണ് പരിശീലനം നേടിയത്. വിഷുക്കച്ചവടം തിരുന്നതോടെ രാജസ്ഥാനിലേക്ക് മടങ്ങും. നാട്ടിൽ കൃഷിപ്പണിയുമായി കഴിഞ്ഞുകൂടും. കേരളത്തിൽ മഴക്കാലം തീരുന്നതോടെ മടങ്ങിയെത്തി വീണ്ടും കൃഷ്ണവിഗ്രഹങ്ങൾ നിർമ്മിച്ചുതുടങ്ങുമെന്നും ബൻസിലാൽ പറയുന്നു.
കൃഷ്ണനെ മാത്രമാണ് നിർമ്മിക്കുന്നത്. മലയാളികൾ കൂടുതലും കൃഷ്ണഭക്തരാണ്. തന്നിൽ നിന്നും വിഗ്രഹം വാങ്ങിക്കൊണ്ടുപോകുന്ന വ്യാപാരികളോട് ആരും വിലപേശാൻ നിൽക്കാറില്ലെങ്കിലും തന്നോട് വിലപേശി കുറച്ചുവാങ്ങാറുണ്ട്, അതിനാൽ തുച്ഛമായ വിലയ്ക്ക് മാത്രമാണ് വിൽക്കാനാകുന്നത്.
- ബൻസിലാൽ