ചാലക്കുടി: കാഞ്ഞിരപ്പിള്ളിയിലെ പാറമടയിൽ കാണാതായ സെപക് താക്രോ താരവും നാടൻ പാട്ടുകാരനുമായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പിള്ളി കുഴിമടത്തിൽ പരേതനായ സുബ്രന്റെ മകൻ സുജിത്തിന്റെ (24) മൃതദേഹമാണ് ഫയർഫോഴ്‌സ് സംഘം മുങ്ങിയെടുത്തത്.
ചൊവ്വാഴ്ച രാത്രി മുതലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തൻ കൂടിയായ സുജിത്തിനെ കാണാതായത്. ബുധനാഴ്ച വൈകിട്ട് വീടിന്റെ പരിസരത്തെ പാറമടയ്ക്കരികിൽ മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് സംശയമായത്. രാത്രിയിൽ പാറമടയ്ക്ക് മുകളിലിരുന്ന് നാടൻപാട്ട് ആലപിക്കാറുള്ള സുജിത്ത് അബദ്ധത്തിൽ താഴെ വീണതാകുമെന്നാണ് സംശയം. ഫയർഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിംഗ് വിഭാഗമാണ് അഗാധമായ കരിങ്കൽ ക്വാറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. മണി അമ്മയും സുജിൽ സഹോദരനുമാണ്.