പുതുക്കാട്: കുറുമാലിപ്പുഴയ്ക്കു കുറുകെ കുണ്ടുകടവ് കാനത്തോടിൽ നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നരശില ക്ഷേത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 26.23 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നര വർഷം കൊണ്ട് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
മുൻമന്ത്രി സി. രവീന്ദ്രനാഥ്, കിഫ്ബി സി.ഇ.ഒ: ഡോ. കെ.എം. എബ്രഹാം,അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർ, അലക്‌സ് വർഗീസ്, കെ.ഐ.ഐ.ഡി.സി എം.ഡി: പ്രണബ് ജ്യോതിനാഥ്, ചീഫ് എൻജിനിയർ ടെറൻസ് ആന്റണി, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആർ. രഞ്ജിത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ലത ചന്ദ്രൻ, സരിത രാജേഷ്, സതി സുധീർ, ലളിത ബാലൻ, കാർത്തിക ജയൻ, ഹിമദാസൻ, ടീന തോബി, കെ.കെ. രാജൻ തുടങ്ങിയവർ പങ്കെടുക്കും.
62 മീറ്റർ നീളമുള്ള റെഗുലേറ്ററിന് അഞ്ച് വെന്റുകളാണുള്ളത്. 4.25 മീറ്റർ വീതിയിൽ റോഡും 87.5 സെന്റീമീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇരുകരകളിലും സംരക്ഷണ ഭിത്തിയും നിർമിക്കും. മൂന്നര മീറ്റർ ഉയരത്തിലാണ് ജലം സംഭരിക്കുക.
പുതുക്കാട്,പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയാകുന്നതോടെ രണ്ടു പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകും. പറപ്പൂക്കര പഞ്ചായത്തിലെ 30 ഹെക്ടർ തണ്ണീർത്തടവും 70 ഹെക്ടർ വരണ്ട നിലവും ഇതിലൂടെ ജലസമൃദ്ധമാകും.
പ്രദേശത്തെ ഭൂഗർഭ ജലലഭ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം കോൾ നിലങ്ങളിലെ രണ്ടാം വിളകൾക്ക് വേണ്ടി കൂടുതൽ വെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉപകാരപ്രദമാകും.