exhibit

തൃശൂർ: നിരവധി പുരസ്‌കാരം നേടിയ കൗമാര ചിത്രകാരൻ അനുജാത് സിന്ധു വിനയ്‌ലാലിന്റെ 'എനിക്ക് ചുറ്റും എന്തെന്തു കാഴ്ചകൾ 'ചിത്രപ്രദർശനവും കുട്ടികളുടെ സംഗമവും ഈ മാസം 16 മുതൽ 22 വരെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് പരിപാടി. ദേവമാത സി.എം.ഐ സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാർത്ഥിയായ അനുജാത് 2016 ലെ രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അർഹനായിരുന്നു. ശങ്കേഴ്‌സ് രാജ്യാന്തര പുരസ്‌കാരം നേടിയിരുന്നു. നാഷണൽ ബുക് ട്രസ്റ്റ് ഇന്ത്യ അനുജാതിന്റെ ചിത്രപുസ്തകം എല്ലാ ഭാഷകളിലും പ്രസിദ്ധീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ 'നമുക്കുണ്ട് ഊർജ്ജം' എന്ന ആഗോള കാമ്പയിന് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് അനുജാതിന്റെ ചിത്രമായിരുന്നു. 16ന് രാവിലെ മാദ്ധ്യമങ്ങൾക്കായുള്ള പ്രദർശനം നടക്കും. വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ കുട്ടികളുടെ സംഗമം ഉദ്ഘാടനം ചെയ്യും. 17 ന് കുട്ടികൾ കലയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തും. വൈകിട്ട് നാലിന് മുത്തശ്ശ വാൽസല്യം പരിപാടിയിൽ കലാമണ്ഡലം ഗോപി സംവദിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ കെ.ജെ.ജോണി, എം.ആർ.അനൂപ്കിഷോർ, ആർടിസ്റ്റ് വിനയ്‌ലാൽ, അനുജാത് സിന്ധു വിനയ്‌ലാൽ തുടങ്ങിയവർ പങ്കെടുത്തു.