sheeja
പരിക്കേറ്റ ഷീജ

ചാലക്കുടി: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ ആനയുടെ ദേഹത്ത് ബൈക്കിടിച്ച് ദമ്പതികൾക്ക് പരിക്ക്. ചിക്ലായി തെക്കെപ്പുറം ജയകുകുമാർ(56), ഭാര്യ ഷീജ(52) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

തുമ്പൂർമുഴിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. കാട്ടിൽ നിന്നും റോഡിന് കുറുകെ പെട്ടന്ന് വന്ന ആനയെ ഇവർ കണ്ടില്ല. ആനയുടെ ദേഹത്തിടിച്ചയുടൻ ഇരുവരും തെറിച്ചു വീണു.

ശബ്ദമുണ്ടാക്കിയ ആന പുഴയുടെ ഭാഗത്തേക്ക് തന്നെ പോയി. പരിക്കേറ്റ ദമ്പതികളെ അതിരപ്പിള്ളി ആരോഗ്യ വിഭാഗത്തിന്റെ 108 ആംബുലൻസിൽ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. ഷീജയുടെ ഇരുകാലുകൾക്കും ഒടിവുണ്ട്. ജയകുമാറിന് തലയ്ക്കാണ് ചെറിയ പരിക്കുള്ളത്.