vadakkum

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ സുരേഷ് ഗോപി എം.പി നൽകിയ ദക്ഷിണ മേൽശാന്തിമാർ വിഷുക്കൈനീട്ടമായി നൽകുന്നത് ദേവസ്വം വിലക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടം വിതരണം ചെയ്തു. സി.പി.എം പാർട്ടി ഓഫീസിൽ നിന്നുള്ള തീരുമാനമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വടക്കുന്നാഥ ക്ഷേത്രത്തിൽ നടപ്പാക്കുന്നതെന്നും ക്ഷേത്രം തന്ത്രിയുടെ വാക്കിന് വില കൽപ്പിക്കുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു വിഷുക്കൈനീട്ട വിതരണം. വടക്കുന്നാഥ ക്ഷേത്രത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങൾ നടത്തുന്ന പൂരം എക്‌സിബിഷന് ബദലായി സർക്കാർ എക്‌സിബിഷൻ നടത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ ആരോപിച്ചു. മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി.മേനോൻ, വിപിൻ അയിനിക്കുന്നത്ത്, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ സത്യലക്ഷ്മി, മുരളി കൊളങ്ങാട്ട്, നിജീഷ്, ശ്രീജിത്ത് വാകയിൽ, പ്രദീപ് മുക്കാട്ടുകര, പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.