കൊടുങ്ങല്ലൂർ: ശ്രീനാരാണപുരം പൂവത്തുംകടവിൽ കയർ നിർമ്മാണ സംഘം യൂണിറ്റിൽ തീപിടിത്തം. സംഘം കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന അമ്പതിൽപ്പരം ചകിരിക്കെട്ടുകൾ കത്തിനശിച്ചു. സർക്കാർ പുനരുദ്ധാരണ പദ്ധതി പ്രകാരം നടന്നുവരുന്ന വെളുത്ത്കടവ് കയർ സംഘത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തീകത്തുന്നതായി കണ്ട നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നും ഫയർഫോഴ്‌സിനെ വരുത്തിയെങ്കിലും സ്ഥലേത്തേയ്ക്ക് ഫയർ എൻജിൻ കയറാതിരുന്നതിനാൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സമീപത്തെ തോട്ടിൽ നിന്നും ഫ്ലോട്ട് പമ്പ് ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. കയർ സംഘത്തിലേക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ജില്ലക്ക് പുറമെ നിന്നുമാണ് കൊണ്ടുവരുന്നത്. അങ്ങിനെ സ്ഥലത്ത് എത്തിച്ച ചകിരിക്കെട്ടുകളാണ് കത്തിനശിച്ചിത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കയർ സംഘം സെക്രട്ടറി കെ.ബി. രമ്യ പറഞ്ഞു.