കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷനിൽ ഗതാഗതക്കരുക്ക് നിത്യസംഭവം

മാള: കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷനിലെ ഗതാഗതക്കരുക്കിന് ഇനിയും പരിഹാരമായില്ല. കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാന പാതയും ചാലക്കുടി - വെള്ളാങ്ങല്ലൂർ റോഡും തമ്മിൽ സന്ധിക്കുന്നിടത്താണ് രൂക്ഷമായ ഗതാഗതക്കുരുക്കുള്ളത്.

വിഷു - ഈസ്റ്റർ - റംസാൻ ആഘോഷം പ്രമാണിച്ച് പുറത്തേക്കിറങ്ങിയ ജനങ്ങൾ ഇവിടെ മണിക്കൂറുകളോളം കെട്ടിക്കിടന്നു. പലപ്പോഴും ഗതാഗതക്കുരുക്ക് തീർക്കാൻ ജംഗ്ഷനിലെ

ചുമട്ടുതൊഴിലാളികളും വ്യാപാരികളും ഇടപെടേണ്ട അവസ്ഥയാണ്. ഇതിന്റെ പേരിൽ ചിലർ പ്രകോപിതരാകുന്നതും ഇടപെടലുകളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും പതിവാണ്.

തൃശൂർ‌, ചാലക്കുടി, മാള, വെള്ളാങ്ങല്ലൂർ എന്നീ ദിശകളിലേക്കായി നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതിലേ കടന്നുപോകുന്നത്. നാലും കൂടിയ ജംഗ്ഷൻ ആയതിനാൽ റോഡ് ക്രോസ് ചെയ്യുമ്പോൾ വാഹനങ്ങൾ പാലിക്കപ്പെടേണ്ടതായ നിയന്ത്രണങ്ങളൊന്നും ഇവിടെ കാറ്റിൽപ്പറത്തുകയാണ്. ഇത്തരം സാഹചര്യങ്ങളാണ് ഗതാഗത സ്തംഭനത്തിലേയ്ക്കും അപകടത്തിലേയ്ക്കും വഴിവയ്ക്കുന്നത്.

റോഡിന്റെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് വീതിയില്ലാത്തതും പ്രശ്നത്തിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നു. അതിനാൽ വലിയ വാഹനങ്ങൾക്ക് ഇതിലൂടെ സുഗമമായി കടന്നുപോകാനോ മറ്റു ദിശകളിലേക്ക് തിരിയാനോ കഴിയാത്ത സ്ഥിതിയാണ്. ഇങ്ങനെ കുടുങ്ങുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിന്റെ ദൈർഘ്യം കൂട്ടുന്നത്. ആയതിനാൽ വലിയ വാഹനങ്ങൾ പലപ്പോഴും ജംഗ്ഷൻ തൊടാതെ മറ്റ് വഴികളിലൂടെ ചുറ്റിപ്പോകുകയാണ്. ഇത് ഇന്ധന നഷ്ടവും സമയ നഷ്ടവും വരുത്തിവയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നു.

ഇടുങ്ങിയ ഭാഗത്തെ റോഡിന്റെ വീതി വ‌ർദ്ധിപ്പിച്ചോ, സ്ഥിരമായി പൊലീസിനെ നിയോഗിച്ചോ പ്രശ്നത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കണം.

- നാട്ടുകാ‌ർ