
തൃശൂർ : മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. ഏപ്രിൽ 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിലാണ് മേള. ഏപ്രിൽ 18ന് വൈകിട്ട് നാലിന് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാകുക. വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് മേള അരങ്ങേറും.
എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. അഞ്ച് മുതൽ ആറ് വരെയും ഏഴിന് ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികൾ നടക്കുക. 19ന് വൈകീട്ട് 4.30 ന് കഥാപ്രസംഗം. 7 ന് ഗായകൻ ജോബ് കുര്യൻ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വൈകീട്ട് 5 ന് വജ്ര ജൂബിലി കലാകാരന്മാരുടെ വാദ്യകലാ ഫ്യൂഷൻ, 7ന് വജ്ര ജൂബിലി കലാകാരന്മാരുടെ മോഹിനിയാട്ടം.
ഏപ്രിൽ 21ന് വൈകീട്ട് 5ന് ചവിട്ടുനാടകം. 7 മുതൽ അക്രോബാറ്റിക് ഡാൻസ്. 22 ന് വൈകീട്ട് 5 ന് ഏകപാത്ര നാടകം. തുടർന്ന് 7 മുതൽ ഗാനമേള. ഏപ്രിൽ 23 ന് 4.30 മുതൽ വജ്ര ജൂബിലി കലാകാരന്മാരുടെ തുള്ളൽ ത്രയം, 7 മുതൽ സമിർ സിൻസിയുടെ സൂഫി സംഗീതവും ഖവാലിയും. 24 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം ഉണ്ടാകും. നൂറോളം കൊമേഴ്‌സ്യൽ സ്റ്റാളുകൾ ഉൾപ്പെടെ 180 ലേറെ സ്റ്റാളുകൾ മേളയിൽ ഉണ്ടാകും.
ആദ്യ പവലിയൻ കേരളത്തെ അറിയാൻ
സ്റ്റാളുകളുടെയും കവാടത്തിന്റെയും പ്രവൃത്തികൾ തേക്കിൻകാട് മൈതാനിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്.