nirmana-udgadanam

കുണ്ടുകടവ് കാനത്തോട് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

പുതുക്കാട്: ചെങ്ങാലൂർ, പന്തലൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ കുണ്ടുകടവ് കാനത്തോട് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം നടത്തി. 27.62 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഇ.കെ.അനൂപ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലളിതാ ബാലൻ, സരിത രാജേഷ്, കാർത്തിക ജയൻ, സതി സുധീർ, കെ.കെ.രാജൻ, ഹിമ ദാസൻ, ടീന തോബി, പ്രീതി ബാലകൃഷ്ണൻ, രതി ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി.സുബ്രൻ, ബേബി മാത്യു കാവുങ്ങൽ, ഷാജു കാളിയെങ്കര, ജിബിൻ പുതുപ്പുള്ളി തുടങ്ങിയവരും പങ്കെടുത്തു.

നിർമ്മാണച്ചെലവ് 26.23 കോടി രൂപ
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നത്. 26.23 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 62 മീറ്റർ നീളമുള്ള റെഗുലേറ്ററിന് അഞ്ച് വെന്റുകളാണുള്ളത്. 4.25 മീറ്റർ വീതിയിൽ റോഡും 87.5 സെന്റീമീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഇരുകരകളിലും സംരക്ഷണ ഭിത്തിയും നിർമ്മിക്കും. മൂന്നര മീറ്റർ ഉയരത്തിലാണ് ജലം സംഭരിക്കുക.

കുടിവെള്ള ലഭ്യത ഉറപ്പാക്കൽ ലക്ഷ്യം
പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയാകുന്നതോടെ രണ്ടു പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനാകും. പറപ്പൂക്കര പഞ്ചായത്തിലെ 30 ഹെക്ടർ തണ്ണീർത്തടവും 70 ഹെക്ടർ വരണ്ട നിലവും ഇതിലൂടെ ജലസമൃദ്ധമാകും. പ്രദേശത്തെ ഭൂഗർഭ ജലലഭ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം കോൾ നിലങ്ങളിലെ രണ്ടാം വിളകൾക്ക് വേണ്ടി കൂടുതൽ വെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉപകാരപ്രദമാകും.