market

ചാലക്കുടി മാർക്കറ്റ് കെട്ടിടത്തിൽ മുൻഭാഗത്തേക്ക് നീട്ടി സ്ഥാപിച്ച ഷീറ്റുകൾ പൊളിക്കാനുള്ള ശ്രമം വ്യാപാരികൾ തടയുന്നു.

ചാലക്കുടി: നഗരസഭയിലെ മാർക്കറ്റ് കെട്ടിടത്തിൽ മുറികളുടെ മുൻഭാഗത്ത് വരാന്തയിലേക്ക് നീട്ടി സ്ഥാപിച്ച ഷീറ്റുകൾ പൊളിക്കാനുള്ള നീക്കം വ്യാപാരികൾ തടഞ്ഞു. ഓംബുഡ്‌സ്മാൻ ഉത്തരവ് പ്രകാരം നഗരസഭ അധികൃതരാണ് പൊലീസ് സഹായത്തോടെ ഷെഡുകൾ പൊളിക്കാനെത്തിയത്. കഴിഞ്ഞ ഭരണസമിതി ഷെഡുകൾക്ക് അംഗീകാരം നൽകിയെന്നും ഇതിന് അധിക വാടക നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ജോയ് മൂത്തേടന്റെ നേതൃത്വത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ നടപടി തടഞ്ഞത്. സ്ഥലത്ത് വലിയ പ്രതിഷേധവും ഉയർന്നു. വ്യാപാരികൾ മുദ്യാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് നഗരസഭയുടെ റവന്യു ഉദ്യോസ്ഥരുമായി ചർച്ച നടത്തി. പിന്നീട് പൊലീസ് പിൻവാങ്ങുകയും ചെയ്തു. കടകളുടെ മുൻഭാഗത്തേയ്ക്ക് 38 വ്യാപാരികൾ ഷെഡ് കയറ്റിയെടുത്തത് കഴിഞ്ഞ ഭരണ സമിതി ബഡ്ജറ്റിലൂടെ അംഗീകരിച്ചിരുന്നു. ഇതിന് അധിക ഡെപ്പോസിറ്റ് തുക വാങ്ങുകയും കൂടുതൽ വാടക ഈടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെയാണ് പൊതുപ്രവർത്തകൻ ജോസഫ് പുത്തനങ്ങാടി ഓംബുഡ്‌സ്മാനിൽ പരാതി നൽകിയത്.