1

വടക്കാഞ്ചേരി: സമൂഹത്തിൽ അസമത്വവും ദുരാചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ഗുരുദേവന്റെ സന്ദേശങ്ങൾക്ക് വർത്തമാന കാലഘട്ടത്തിലും ഏറെ പ്രധാന്യമുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പാർളിക്കാട് നടരാജഗിരി ബാലസുബ്രമണ്യ ക്ഷേത്രത്തിൽ നിർമ്മിച്ച പുതിയ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠയ്ക്കുശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ മനുഷ്യനായി കാണാൻ ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവൻ ആഹ്വാനം ചെയ്തു. അതുകൊണ്ട് കേരളം ഇന്ന് എല്ലാ മേഖലകളിലും മുന്നിലാണ്. ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണിൽ ശിരസു നമിച്ചു കൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അദ്ധ്യക്ഷനായി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണം നടത്തി. രമ്യ ഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ, കവിത കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രത്യേക പൂജകൾക്കും അഭിക്ഷേകങ്ങൾക്കും ശേഷം മേൽശാന്തി വിനു ശാന്തി, ക്ഷേത്രം തന്ത്രി ഉല്ലല ജയന്തൻ, ശിവഗിരിമഠം ഭരണസമിതി അംഗം സ്വാമി വിശാലാനന്ദ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. അന്നദാനവും, പ്രസാദ വിതരണവും നടന്നു.