വടക്കാഞ്ചേരി: പാർളിക്കാട് നടരാജഗിരിയിൽ 1925 ൽ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രവും പ്രകൃതി രമണീയമായ പ്രദേശവും ഗുരുദേവൻ വന്നിരുന്ന പാറയും ഉൾപ്പെടുന്ന പ്രദേശം ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിർമ്മിച്ച പുതിയ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠയ്ക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ ഭംഗിയുള്ളതും പ്രകൃതി രമണീയവുമായ ഈ പ്രദേശം പഴയ പോലെ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. പണ്ട് താൻ വ്യാസ കോളേജിൽ പഠിക്കുമ്പോൾ വീണു കിട്ടുന്ന സമയമെല്ലാം പാർളിക്കാടുള്ള നടരാജഗിരി ക്ഷേത്ര പരിസരത്ത് കൂട്ടുകാരോടൊപ്പം പങ്കിടാറുണ്ടെന്നും അദേഹം പറഞ്ഞു. യൂണിയൻ ഭാരവാഹികളും ഈ പ്രദേശം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.