തൃശൂർ: വേദങ്ങൾ ഏകത്വത്തിന്റെ ഉദ്‌ഘോഷണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ശങ്കരാചാര്യർ പഠിപ്പിച്ചതും രണ്ടല്ല, എല്ലാം ഒന്നാണെന്ന വേദതത്വമാണ്. തെക്കേമഠം പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ പാരമ്പര്യം ബഹുസ്വരതയുടേതാണ്. നാനാജാതി മതസ്ഥരും പല ഭാഷക്കാരും പല വേഷക്കാരും പല വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുന്നവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുന്നതാണ് ഇന്ത്യയുടെ ശക്തി. വേദകാലത്തോളം പഴക്കമുള്ള നമ്മുടെ സമൂഹജീവിതത്തിൽ ഇത്തരത്തിൽ ഏകത്വത്തിന്റെ സന്ദേശമുണ്ട്. രണ്ടല്ല ഒന്നാണെന്നാണ് ശങ്കരാചാര്യരും പഠിപ്പിച്ചത്. ഒന്ന് എന്നതിൽ ഒരുമയുടെകൂടി സന്ദേശം ഉൾക്കൊള്ളുന്നുണ്ട്. ആചാര്യപരമ്പരകളും പഠിപ്പിച്ചത് ഒരുമയെക്കുറിച്ചു തന്നെയാണ് എന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മൂന്നുകോടി രൂപ ചെലവിലാണ് ശങ്കരശിഷ്യ മഠങ്ങളിലൊന്നായ തെക്കേമഠത്തിന്റെ പുരാതന നിർമ്മിതി പുനർനിർമ്മിക്കുന്നത്. പുരാവസ്തു വകുപ്പ് മുഖേന ഒരു കോടിയും സാംസ്‌കാരിക വകുപ്പ് വഴി രണ്ടുകോടിയുമാണ് അനുവദിച്ചിട്ടുള്ളത്. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ടി.എൻ. പ്രതാപൻ എം.പി, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗൺസിലർ പൂർണിമ സുരേഷ്, വിൻസെന്റ് പുത്തൂർ, ടി. ഗോപീദാസ്, ഇ. ദിനേശൻ, വടക്കുമ്പാട് നാരായണൻ, മോഹൻ വെങ്കിടകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുരാവസ്തുവകുപ്പ് നേരിട്ടാണ് തെക്കെ മഠത്തിന്റെ നവീകരണം നടത്തുന്നത്.