പുല്ലൂർ: ആഴം കൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി കുഴിച്ചെടുത്ത തുറവൻകാട് മുടിച്ചിറയിലെ മണ്ണ് സ്വകാര്യ വ്യക്തിയുടെ നിലം നികത്താൻ ഉപയോഗിച്ചതായി പരാതി. മുരിയാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ കളിമണ്ണാണ് സ്വകാര്യ വ്യക്തിയുടെ നിലം നികത്താൻ ഉപയോഗിച്ചതായി പരാതിയുള്ളത്. ഈ കാര്യത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ആരോപിച്ചു.
കഴിഞ്ഞ വർഷക്കാലത്ത് ഈ ചിറയുടെ പ്രധാന ഭാഗം മണ്ണിടിഞ്ഞു തകർന്നതിനെ തുടർന്ന് മാസങ്ങളോളം റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. വർഷങ്ങളോളം ചെളി നിറഞ്ഞുകിടന്നതിനാൽ ചിറയിൽ ജലം സംഭരിക്കാൻ സാധിച്ചിരുന്നില്ല. ചിറയിലെ നീക്കം ചെയ്ത ചെളി തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ നിലത്തിലാണ് സംഭരിച്ചിരുന്നത്. ഈ മണ്ണാണ് നിലം നികത്തുന്നതിന് ഉപയോഗിച്ചിട്ടുള്ളത്.
പണികൾ പൂർത്തീകരിച്ച് ആവശ്യം കഴിഞ്ഞുള്ള മണ്ണ് പഞ്ചായത്ത് ലേലം ചെയ്യണമെന്നിരിക്കെ ഈ മണ്ണുപയോഗിച്ച് ആരെയും അറിയിക്കാതെ നിലം നികത്തുന്നതിന് സ്വകാര്യ വ്യക്തിയ്ക്ക് അനുവാദം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ചിറയുടെ നവീകരണ പ്രവർത്തനം ഇങ്ങനെ
രണ്ടുവർഷം മുമ്പാണ് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ട്, പതിമൂന്ന്, പതിനാല് വാർഡുകളിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായാണ് മുടിച്ചിറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് മുൻ എം.എൽ.എ കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള മുപ്പത്തിയഞ്ച് ലക്ഷം രൂപയും, ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതി പ്രകാരമുള്ള മുപ്പത്തിയൊമ്പത് ലക്ഷം രൂപയും ഉപയോഗിച്ചണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെയും കൈമാറാൻ സാധിച്ചിട്ടില്ല. ഉപയോഗശൂന്യമായി കിടന്നിരുന്ന മുടിച്ചിറയിലെ ചണ്ടിയും കാടും മാറ്റി ചിറക്കകത്തെ ചെളി കോരിയെടുത്ത് ആഴംകൂട്ടി ജലം സംഭരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. ജില്ലാ പഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് എൻജിനിയർക്കാണ് ആദ്യ ഘട്ടത്തിന്റെ നിർവഹണ ചുമതല. മുൻ ഭരണസമിതിയുടെ കാലത്ത് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് കൊവിഡിന്റെ പ്രതിസന്ധിയും പഞ്ചായത്ത് തിരഞ്ഞെടുപ്പും മൂലം പ്രവൃത്തിയുടെ വേഗത കുറഞ്ഞു. തുടർന്ന് പണികൾ പുനരാരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ചിറയുടെ പണികൾ എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ രണ്ടുവർഷവും ചിറയിൽ വെള്ളം സംഭരിക്കാൻ സാധിച്ചില്ല. ചിറയുടെ വശങ്ങൾ കെട്ടികഴിയുമ്പോൾ വശങ്ങൾ നികത്തുന്നതിന് ഇനി പണം കൊടുത്ത് മണ്ണ് വാങ്ങേണ്ട അവസ്ഥയിലാണ്. ഇതിനെതിരെ ആർ.ഡി.ഒയ്ക്കും പഞ്ചായത്ത് ഓംബുഡ്സ്മാനും പരാതി നൽകും
പ്രസാദ് പാറപ്പുറത്ത്, അജി തൈവളപ്പിൽ, പവിത്രൻ പുത്തുക്കാട്ടിൽ, ഭരതൻ പൊയ്യാറ
(കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർ)