കുന്നംകുളം: ഒമ്പതു മാസത്തോളമായി പരാതി നൽകിയിട്ടും മുറിക്കാത്തതിരുന്ന തെങ്ങ് വീടിന് മുകളിലേക്ക് വെീണു. ചൊവ്വന്നൂർ പഴുന്നാന കാണങ്കോട്ട് വീട്ടിൽ സതീന്ദ്രൻ വീടിന് മുകളിലേക്കാണ് അയൽവാസിയുടെ പറമ്പിലെ തെങ്ങ് വീണത്. വർഷങ്ങളായി സതീന്ദ്രന്റെ വീടിന് മുകളിലേക്ക് ചാഞ്ഞാണ് തെങ്ങ് നിന്നിരുന്നത്. തെങ്ങിൽ നിന്നുള്ള തേങ്ങയും ഓലയുമെല്ലാം സതീന്ദ്രന്റെ വീടിന് മുകളിലേക്കാണ് വീണിരുന്നത്. തെങ്ങിന്റെ കടഭാഗം ദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസിയായ സ്ത്രീയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തെങ്ങ് മുറിക്കാതായതോടെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഒമ്പതു മാസങ്ങൾക്കു മുമ്പ് പഞ്ചായത്തിൽ പരാതി നൽകിയതോടെ പഞ്ചായത്ത് അധികൃതർ എത്തി മരം മുറിച്ചുമാറ്റാൻ നിർദ്ദേശിച്ചിരുന്നു. തെങ്ങു വീണതോടെ വീടിന്റെ മുകൾഭാഗം പൊട്ടുകയും ഉൾവശങ്ങളിൽ ചിന്നൽ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ മരം മുറിക്കാൻ പഞ്ചായത്ത് തീരുമാനിച്ചതാണെന്ന രീതിയിലാണ് മരം വീണതോടെ ചൊവ്വന്നൂർ പഞ്ചായത്ത് അധികൃതർ നൽകുന്ന മറുപടി. എന്നാൽ പരാതി നൽകി ഒമ്പത് മാസമായിട്ടും നിരവധി തവണ പഞ്ചായത്ത് കയറി ഇറങ്ങി നടന്നതല്ലാതെ തന്റെ പരാതി ഗൗരവമായി പരിഗണിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോ അധികൃതരോ തയ്യാറായില്ലെന്നും സതീന്ദ്രൻ പറഞ്ഞു.
പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും മരം മുറിച്ചു മാറ്റാതെ വന്നതോടെ പഞ്ചായത്ത് അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും കാര്യമായ നടപടിയെടുത്തില്ല.
-സതീന്ദ്രൻ