തൃശൂർ: കൊവിഡിനെ തുടർന്ന് വാഹനങ്ങൾക്ക് ഉണ്ടായ നിയന്ത്രണം കുറഞ്ഞതോടെ ജില്ലയിലെ അപകടനിരക്ക് വീണ്ടും ഉയരുന്നു. സംസ്ഥാന തലത്തിൽ അപകടങ്ങളുടെ എണ്ണത്തിലും മരണത്തിലും ജില്ല മൂന്നാം സ്ഥാനത്താണ്. ഏറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്.
2021ൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 3523 അപകടങ്ങളാണ്. ഇതിൽ 368 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2019ൽ 4462 അപകടങ്ങൾ ഉണ്ടായപ്പോൾ 2020ൽ 2865 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞവർഷം അപകടങ്ങൾ കൂടുതൽ റൂറൽ പൊലീസ് പരിധയിലാണെങ്കിലും മരണ സംഖ്യ കൂടുതൽ സിറ്റി പരിധിയിലാണ്.
സിറ്റി പരിധിയിൽ 1719 അപകടങ്ങളിൽ 201 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ റൂറൽ പരിധിയിൽ 1804 അപകടങ്ങളിൽ 167 പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷം കൊവിഡ് മൂലം ഉണ്ടായ ലോക്ഡൗണുകളും വാഹനങ്ങൾക്ക് ഉണ്ടായ നിയന്ത്രണങ്ങളുമാണ് അപകടങ്ങൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.
2020 ഭൂരിഭാഗം സമയങ്ങളും അടച്ചുപൂട്ടലിൽ ആയിരുന്നതിനാൽ നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞത് മൂലം 2020ൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം കൊവിഡ് വ്യാപനം ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ കുറവായിരുന്നു.
അതിഗുരുതര പരിക്ക് 350ലേറെ പേർക്ക്
അപകടങ്ങളിൽ 357 പേർക്ക് അതിഗുരുതര പരിക്കേറ്റപ്പോൾ 2475 പേർക്ക് സാരമായി പരിക്കേറ്റു. 531 പേർക്ക് നിസാരപരിക്കേറ്റപ്പോൾ അപകടത്തിൽപ്പെട്ടെങ്കിലും 160 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ജില്ല - അപകട നിരക്ക് - മരണം
എറണാകുളം - 4866- 412
തിരുവനന്തപുരം - 4131- 410
തൃശൂർ - 3523 - 368
ജില്ലയിലെ കഴിഞ്ഞ മൂന്നു വർഷത്തെ അപകട നിരക്ക്
2019 - 2262- 413
2020 - 2865 - 275
2021 - 3523 - 368