ചാലക്കുടി: ഇനി ആരേയും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ല, സ്വയം രക്ഷയ്ക്ക് മുന്നിട്ടിറങ്ങുക തന്നെ, വന്യമൃഗങ്ങളാൽ പൊറുതിമുട്ടിയ കൊന്നക്കുഴി മേഖലയിലെ നാട്ടുകാരാണ് ആദ്യകാല പ്രതിരോധ മുറയിലേക്ക് നീങ്ങുവാൻ തീരുമാനിച്ചത്. കത്തിച്ച പന്തങ്ങളുമായി കൂട്ടത്തോടെ മലയോരങ്ങൾ റോന്ത് ചുറ്റും, കാണുന്ന മൃഗങ്ങളെ ഓടിച്ച് പുഴ കടത്തും. ഇതാണ് വന്യമൃഗങ്ങളെ തുരത്താൻ ഇവർ കണ്ടെത്തിയ ഉപായം. രാത്രികാലങ്ങളിൽ സ്ഥിരമായി പന്തങ്ങളും ആരവങ്ങളുമായി ആളുകളെ കാണുമ്പോൾ മൃഗങ്ങളുടെ കടന്നുകയറ്റത്തിന് ശമനമുണ്ടാകുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. കൊന്നക്കുഴി മുതൽ ചാട്ടുക്കല്ലുത്തറ വരെയുള്ള മലയോര കർഷകരാണ് സ്വയംരക്ഷയ്ക്കായി ദൗത്യം ഏറ്റെടുക്കുന്നത്. രാഷ്ട്രീയ കിസാൻ മഹാസംഘ് എന്ന സ്വതന്ത്ര സംഘടന ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഏപ്രിൽ 23 ന് ആദ്യത്തെ പട നിരത്തിലിറങ്ങും. വൈകീട്ട് 6ന് കൊന്നക്കുഴി ദേവാലയ പരിസരത്ത് നിന്നും സംഘം തീപ്പന്തങ്ങളുമായി ഒരു ചെറിയ പ്രതിഷേധ ജാഥ നടത്തും. തുടർന്ന് രണ്ടോ മൂന്നോ സംഘങ്ങളായി തിരിഞ്ഞ് മൃഗങ്ങളെ തുരത്താൻ ചുറ്റിയടിക്കും. നാട്ടുകാരെല്ലാം വളരെ ആവേശത്തോടെയാണ് ഇതിനെ സ്വീകരിക്കുന്നത്.
വന്യജീവി ശല്യം ഏറെ
കൊന്നക്കുഴി, വിരിപ്പാറ, ചാട്ടുകല്ലുത്തറ മേഖലകളിൽ സ്ഥിരമായി ആനകളും പന്നികളും ഇറങ്ങുന്നതിനാൽ വിളകൾ മണ്ണിലിറക്കാൻ കർഷകർ ഭയക്കുകയാണ്. സാധാരണ ചെയ്യുന്ന വാഴക്കൃഷിയെ പിഴുതെറിയുകയാണ് ആനകൾ. മരച്ചീനികളെ മൂപ്പെത്താൻ കൂടി അനുവദിക്കാതെ പന്നിക്കൂട്ടവും പിഴുതെറിയുന്നു. തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയവയും ആനക്കൂട്ടം വെറുതെ വിടുന്നില്ല. ഏറെക്കാലമായി തുടരുന്ന ദുരിത്തിൽ നിന്നും മോചനം ലഭിക്കാതായപ്പോഴാണ് സ്വയം രക്ഷയെന്ന മാർഗം സ്വീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.