പാവറട്ടി: ചെമ്പ്രംതോടിന്റെ ഭാഗമായ പാവറട്ടി പഞ്ചായത്ത് മരുതയൂർ ഒന്നാം വാർഡിലെ തോടിന് കുറുകെയുള്ള ചീപ്പ് ഭാഗികമായി തകർന്നതുമൂലം വികലാംഗനായ ഗൃഹനാഥനും കുടുംബത്തിനും വീട്ടിലേക്കെത്താൻ പാടുപെടുന്നു. തോട്ടത്തിൽ പ്രകാശനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. വർഷങ്ങളായി തോടിനു കുറുകെയുള്ള ചീപ്പിലൂടെയാണ് ഇവരുടെ യാത്ര. പുനർനിർമ്മിക്കാത്തതുമൂലം കാലപ്പഴക്കം മൂലം തകർന്ന ചീപ്പിനു മുകളിലൂടെയാണ് ഒരു കാൽ ഇല്ലാത്ത വികലാംഗനായ പ്രകാശനും കുടുംബാംഗങ്ങളും സഞ്ചരിക്കുന്നത്. ചീപ്പിന്റെ കാലുകളും മണ്ണും ഇളകിയതിനാൽ വലിയ കുഴികളാണ് രൂപപ്പെട്ടിരുന്നത്. അപകട സാദ്ധ്യതയും ഏറെയാണ്. നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടിനു കുറുകെ ചെറുപാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി നടപടികൾ സ്വീകരിച്ചെങ്കിലും പ്രവൃത്തി നടപ്പായില്ല. നിറവ് പദ്ധതിയുടെ നിർവഹണം കൃഷി വകുപ്പാണോ ഇറിഗേഷൻ വകുപ്പാണോ ഏറ്റെടുക്കുക എന്നതിൽ ഉദ്യോഗസ്ഥ തലത്തിലുള്ള തർക്കമാണ് പദ്ധതി നിലയ്ക്കാൻ കാരണമായത്.