ഗുരുവായൂർ: കെ-സ്വിഫ്റ്റ് എന്നത് സർക്കാരിന്റെ പാരലൽ സർവീസാണെന്നും ഇതുണ്ടാക്കിയത് കെ.എസ്.ആർ.ടി.സിയെ തകർക്കാൻ വേണ്ടിയാണെന്നും കെ.എസ്.ടി.എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ് ആരോപിച്ചു. കെ.എസ്.ടി. എംപ്ലോയീസ് സംഘ് ഗുരുവായൂർ യൂണിറ്റ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയുടെ തനതു ഫണ്ടായ 16 കോടി രൂപ സ്വിഫ്റ്റിനു വേണ്ടി വകമാറ്റി ചെലവഴിച്ചു. ഒപ്പം കെ.എസ്.ആർ.ടി.സിയുടെ മാർച്ച് മാസത്തെ വരുമാനം 164 കോടി രൂപയും സ്വതന്ത്ര കമ്പനിക്ക് ചെലവിന് കൊടുത്ത് സ്ഥാപനത്തെയും തൊഴിലാളികളെയും യാത്രക്കാരേയും വഴിയാധാരമാക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റാക്കി സംരക്ഷിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. നർമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ട്രഷറർ സേതു തിരുവെങ്കിടം, ബി.എം.എസ് ഗുരുവായൂർ മേഖലാ സെക്രട്ടറി പി.കെ. അറുമുഖൻ, സൂരജ് കോട്ടപ്പടി, കെ.എസ്.ടി.ഇ.എസ് ജില്ലാ ട്രഷറർ കെ. അനീഷ്, ജില്ലാ ജോ. സെക്രട്ടറി ഇ.പി. ഗിരീഷ്, യൂണിറ്റ് സെക്രട്ടറി കെ. സത്യപാൽ എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി കെ.ജി. നർമ്മദ് (പ്രസിഡന്റ്), പി.കെ. അനിൽകുമാർ (വൈ.പ്രസിഡന്റ്), കെ.സത്യപാൽ (സെക്രട്ടറി), പി.വി. ബൈജു (ജോ.സെക്രട്ടറി), കെ.കെ.പ്രമോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.