കുന്നംകുളം: കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ നായാടി കോളനിയിലേക്ക് റോഡ് നിർമ്മിക്കാൻ നാട്ടുകാരായ അഞ്ച്‌പേർ ചേർന്ന് 12 സെന്റ് ഭൂമി സൗജന്യമായി നൽകി. കോട്ടയിൽ തറവാട്ടിലെ അംഗങ്ങളായ രാജഗോപാൽ, ലക്ഷ്മിക്കുട്ടിയമ്മ, രാജു, രവി എന്നിവർ ചേർന്ന് 11 സെന്റ് സ്ഥലവും ചങ്ങത്തവളപ്പിൽ സുധാകരൻ ഒന്നേകാൽ സെന്റ് സ്ഥലവുമാണ് പഞ്ചായത്തിന് വിട്ടു നൽകിയത്. ഇതിനുള്ള സമ്മതപ്പത്രം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന് കൈമാറി. റോഡ് ഇല്ലാത്തതിനാൽ കോളനിയിലെ പത്തോളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. കോളനിയുടെ 100 മീറ്ററോളം അകലെ വരെ മാത്രമേ വാഹനങ്ങൾ എത്തിയിരുന്നുള്ളൂ. രോഗികളെയും വയോജനങ്ങളെയും എടുത്തുകൊണ്ട് പോകേണ്ട സ്ഥിതിയായിരുന്നു. ഇപ്പോൾ ലഭിച്ച സ്ഥലത്ത് 10 അടിയെങ്കിലും വീതിയുള്ള റോഡ് നിർമിക്കാനാകും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് റോഡ് നിർമ്മിക്കാനാണ് പഞ്ചായത്ത് പദ്ധതി. വെള്ളക്കെട്ടുള്ള ഭാഗമായതിനാൽ മികച്ച രീതിയിൽ കാന നിർമ്മിക്കേണ്ടി വരും. പഞ്ചായത്തിന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതടക്കം മറ്റ് നടപടികൾ പൂർത്തിയായാൽ മാത്രമേ റോഡ് നിർമാണ പദ്ധതിയുമായി മുന്നോട്ടു പോകാനാകൂ.