തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗത്തിൽ സംയമനത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ പ്രകോപനപരമായ രീതിയിലായിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഇന്നലെ സമാധാനത്തിന്റെ പാതയിലായിരുന്നു. മേയർ എം.കെ. വർഗീസ് ആമുഖപ്രസംഗത്തിൽ തന്നെ കഴിഞ്ഞതൊക്കെ മറന്ന് ഒരുമയോടെ മുന്നോട്ടുപോകണമെന്ന് പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും ബി.ജെ.പിയും മേയറുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ് കൗൺസിൽ യോഗം നടന്നത്.
ബഡ്ജറ്റ് അവതരണ ദിവസം മുതൽ അനാവശ്യ പ്രതിഷേധവുമായാണ് കോൺഗ്രസ് കൗൺസിലിനെത്തുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. ഷാജൻ പറഞ്ഞു. മേയറുടെ കാറിന്റെ അടിയിൽ പോയി കിടന്ന് സമരം ചെയ്ത പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. മേയറെ വ്യക്തിപരമായി ആക്രമിക്കാൻ ഭരണപക്ഷം അനുവദിക്കില്ലെന്നും ഷാജൻ കൂട്ടിച്ചേർത്തു. കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ബിജെപി നേതാവ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചെളിവെള്ളം കലർന്ന കുടിവെള്ളം ദേഹത്തൊഴിച്ച് പ്രതിഷേധിച്ച വിനോദ് അന്ന് ധരിച്ചിരുന്ന ചെളി പുരണ്ട വസ്ത്രവും ധരിച്ചാണ് കൗൺസിലിലെത്തിയത്. ചെളിവെള്ളം വിതരണം ചെയ്ത സമയങ്ങളിലെ തുക ജനങ്ങളിൽ നിന്ന് ഈടാക്കാരുതെന്ന് പൂർണിമ സുരേഷ് ആവശ്യപ്പെട്ടു. എം.എൽ. റോസ്‌ലി, ലാലി ജയിംസ്, ജയപ്രകാശ്, പൂർണിമ സുരേഷ്, വർഗീസ് കണ്ടംകുളത്തി, എം.കെ. സുരേഷ് സംസാരിച്ചു.

തൃശൂരിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഓരോ ഡിവിഷനിലെയും പ്രശ്‌നങ്ങൾ കൗൺസിലർമാർക്ക് നേരിട്ട് പറയാം. എന്ത് തടസങ്ങളുണ്ടായാലും പരിഹരിക്കാൻ മുന്നിലുണ്ടാകും. ജനങ്ങൾക്കുവേണ്ടി ജീവൻ ത്യജിക്കാൻ പോലും തയ്യാറാണ്.
-എം.കെ.വർഗീസ് (മേയർ).

സഹപ്രവർത്തകരോട് കഴിഞ്ഞ ദിവസങ്ങളിൽ ക്രൂരത കാണിച്ചിട്ട് ഇപ്പോൾ നല്ല മനുഷനാണെന്ന് ഏറ്റുപറയുകയാണ് മേയർ.
-ജോൺ ഡാനിയൽ (നഗരാസുത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ).