തൃശൂർ: എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകൾ. സ്റ്റാളുകൾ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദർശന നഗരിയിലെത്തിയത്.
കാർഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന സർക്കാർ ലക്ഷ്യവുമായാണ് കൃഷി വകുപ്പിന്റെ സ്റ്റാൾ. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കോളേജ് വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും തൊഴിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി തൊഴിൽ സജ്ജരാക്കാൻ സേവനം നൽകുന്നു.
ജില്ലയിലെ തെരഞ്ഞെടുത്ത അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ, പാസ്‌പോർട്ട്, പാൻ കാർഡ്, വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കിയാണ് ഐടി മിഷന്റെ അക്ഷയകേന്ദ്രം. പുതിയ സിം കാർഡ്, എം.എൻ.പി പോർട്ടിംഗ്, എഫ്.ടി.ടി.എച്ച്, മൊബൈൽ റീചാർജ്, സിം ഡ്യൂപ്ലിക്കേഷൻ എന്നീ സേവനങ്ങൾ ബി.എസ്.എൻ.എൽ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ഭൂനികുതി അടയ്ക്കുന്നതിനെക്കുറിച്ചും, അനന്തരവകാശം, വരുമാനം, പ്രകൃതിദുരന്ത ധനസഹായം, റവന്യൂ ധനസഹായം, ഭൂമിതരം മാറ്റം, നോൺക്രീമിലേയർ സർട്ടിഫിക്കറ്റ്, അഗതി സർട്ടിഫിക്കറ്റ്, ഭൂമി പതിവ് തുടങ്ങിയ തുടങ്ങി വിവിധ സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും ഡിജിറ്റൽ സർവ്വെ എന്തെന്ന് മേളയിൽ അറിയാം.