kalavarsham

കൊടുങ്ങല്ലൂർ : കാലവർഷക്കെടുതിയും കടലേറ്റവും നേരിടാൻ ഒരാഴ്ച്ചയ്ക്കുള്ളിൽ പഞ്ചായത്തുതലത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർത്ത് മുൻകരുതൽ നടപടി സ്വീകരിക്കാൻ തീരുമാനം. കാലവർഷക്കെടുതിയും പ്രകൃതിക്ഷോഭവും കടലേറ്റവും പതിവായ സാഹചര്യത്തിൽ വേണ്ട മുൻകരുതലെടുക്കാനായി ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലംതല യോഗത്തിലാണ് തീരുമാനം.

നിലവിൽ തീരദേശത്ത് 50 മീറ്റർ ദൂരപരിധിയിലെ മുഴുവൻ വീടുകളും 10 ലക്ഷം രൂപ നൽകുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതിനാൽ തീരദേശ സുരക്ഷയും കടലിലെ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാനാകുമെന്നും യോഗം വിലയിരുത്തി. പുനരധിവാസം വേണ്ടി വന്നാൽ ഏകദേശം 500 പേർക്ക് താമസിക്കാൻ കഴിയുന്ന സൈക്ലോൺ ഷെൽട്ടർ അഴീക്കോട് മേനോൻ ബസാറിൽ സജ്ജമാക്കിയിട്ടുണ്ട്.
കടലേറ്റം രൂക്ഷമായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം, മതിലകം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകൾക്ക് പ്രത്യേകമായി അനുവദിച്ച 10 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന വിധം എസ്റ്റിമേറ്റ് തയ്യാറാക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ ചന്ദ്രബാബു, കൊടുങ്ങല്ലൂർ തഹസിൽദാർ കെ.രേവ തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നായി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മറ്റ് തീരുമാനം

പഞ്ചായത്തുകളിലെ നീർച്ചാലും ഇടതോടും കാനകളും വൃത്തിയാക്കി മഴ വെള്ളം ഒഴുകാനുള്ള സാഹചര്യം ഒരുക്കും.

പെരുംതോട് വലിയ തോടിന്റെ മാലിന്യം നീക്കി ആഴം കൂട്ടുന്ന നവീകരണ പ്രവർത്തനം പൂർത്തിയാക്കും

ഹൈവേയിലെ മരങ്ങളും കൊമ്പും മുറിച്ചുമാറ്റും

കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നടക്കുന്ന ടച്ചിംഗ് വെട്ടൽ സമയബന്ധിതമായി തീർക്കും

കനോലി കനാലിലെ ചളി നീക്കം ചെയ്യാൻ പരമ്പരാഗത തൊഴിലാളികൾക്ക് അനുമതി നൽകും.