ഗുരുവായൂർ: ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി ജില്ലാ കളക്ടർക്ക് കത്ത് നൽകി. തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ വൻ ഗതാഗതകുരുക്കാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വളരെയേറെ ഭക്തജനങ്ങൾ എത്തുന്ന ഗുരുവായൂരിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ല എന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട ട്രാഫിക് ക്രമീകരണങ്ങളും ഗുരുവായൂർ ക്ഷേത്ര നഗരിയുടെ വിവിധ പ്രദേശങ്ങളിലെ റോഡുകളുടെ യാത്രാ പ്രയാസങ്ങളുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. എന്നാൽ ഇത് മുന്നിൽ കണ്ടുകൊണ്ട് ശരിയായ രീതിയിൽ ഗതാഗത നിയന്ത്രണങ്ങളോ പാർക്കിംഗ് സൗകര്യങ്ങളോ ഗുരുവായൂരിൽ ഏർപ്പെടുത്തിയിട്ടില്ല എന്നും കത്തിൽ പറയുന്നുണ്ട് . ശരിയായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുകയുമാണ് അടിയന്തര പരിഹാര മാർഗം. ഈ കാര്യത്തിൽ ജില്ലാ ഭരണകൂട മേധാവി എന്ന നിലയിൽ നേരിട്ട് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.