ചാലക്കുടി: ദേശീയപാത കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യപടിയായി മുനിസിപ്പൽ ജംഗ്ഷനിൽ ഏപ്രിൽ 26 മുതൽ ഒരാഴ്ചക്കാലം സൂചനാ സമരം സംഘടിപ്പിക്കും. രാവിലെ 9 മുതൽ രാത്രി 7 വരെ തുടർച്ചയായ ധർണയാണ് നടത്തുക. വിവിധ സാംസ്‌കാരിക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നേതാക്കളും മന്ത്രിമാരും സമര വേദിയിലെത്തുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.ഡി. ദേവസി പറഞ്ഞു.
അടിപ്പാത നിർമ്മാണത്തിൽ കരാർ കമ്പനിയാണ് ഗുരുതരമായ വീഴ്ചകൾ വരുത്തിയത്. ഇവരെ കരിമ്പട്ടികയിൽപ്പെടുത്തി മാറ്റി നിറുത്തണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്നു. വിഷയത്തിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാക്കളും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. 2018 ൽ അടിപ്പാത നിർമ്മാണത്തിന് തുടക്കംകുറിച്ച എൽ.ഡി.എഫ് സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി. എന്നാൽ അന്ന് അനാവശ്യ സമരങ്ങൾ സംഘടിപ്പിച്ച യു.ഡി.എഫ് ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
എം.പി, എം.എൽ.എ, നഗരസഭാ ചെയർമാൻ എന്നിവരും ജനങ്ങളോട് മാപ്പു പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, കേരള കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പി.ഐ.മാത്യു, എൻ.സി.പി മണ്ഡലം പ്രസിഡന്റ് വി.ഐ. പോൾ, എൽ.എൻ.എൽ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദ്കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.