കുന്നംകുളം: കേച്ചേരി ജംഗ്ഷൻ 24 മീറ്ററിലും കേച്ചേരി ജംഗ്ഷൻ മുതൽ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിലേക്കുള്ള 150 മീറ്ററോളം ദൂരം കിഫ്ബി മാനദണ്ഡപ്രകാരം 22 മീറ്ററിൽ വികസിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കാൻ ധാരണ. ചൂണ്ടൽ പഞ്ചായത്തിൽ കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള സംസ്ഥാനപാതയ്ക്ക് 22 മീറ്ററിൽ അലൈൻമെന്റ് തയ്യാറാക്കുന്നതിനും ധാരണയായി. കേച്ചേരി പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിലേയ്ക്ക് അപ്രോച്ച് റോഡ് വികസിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ടി.പി നിർമ്മാണം നടത്തി വരുന്ന തൃശൂർ-കുറ്റിപ്പുറം പാതയിൽ കിഫ്ബി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭാഗങ്ങൾ കെ.ആർ.എഫ്.ബിയുമായി കൂടിയാലോചന നടത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചു. കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണം അടുത്ത കിഫ്ബി ബോർഡിൽ അംഗീകാരം വാങ്ങുന്നതിന് മെയ് 10 ന് മുമ്പായി ഡി.പി.ആർ സമർപ്പിക്കാൻ എസ്.പി.വി ഇൻകെലിനോട് യോഗത്തിൽ നിർദ്ദേശിച്ചു. കുന്നംകുളം ജംഗ്ഷൻ വികസനവും റിംഗ് റോഡ് വികസനവും സർവേ നടപടികൾ പൂർത്തിയായി ബൗണ്ടറി സ്റ്റോൺ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതായി യോഗം വിലയിരുത്തി.
യോഗത്തിൽ എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ്, കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വൈസ് പ്രസിഡന്റ് പി.ടി. ജോസ് തുടങ്ങിയവർ പങ്കെടുത്തു. കിഫ്ബി, കെ.ആർ.എഫ്.ബി, കെ.എസ്.്ടി.പി, പി.ഡബ്ല്യു.ഡി റോഡ്‌സ്, പാലങ്ങൾ, ജല അതോറിറ്റി, സർവ്വെ, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തെ തുടർന്ന് എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി.പുരുഷോത്തമനും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും സ്ഥലങ്ങൾ സന്ദർശിച്ചു.