ചാലക്കുടി: കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾക്ക് ആശ്രയമായ ചാത്തൻചാലിന്റെ നവീകരണം വൈകുന്നതിൽ ഇപ്പോഴും നാട്ടുകാർ നിരാശയിലാണ്. 2021 ഫെബ്രുവരിയിൽ അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി ഒരു വർഷം പിന്നിട്ടിട്ടും ആരംഭിക്കാൻ കഴിയാഞ്ഞത് കർഷകരെയും പ്രദേശവാസികളെയും ഏറെ നിരാശയിലാക്കിയിട്ടുണ്ട്. പലവിധ പ്രതിഷേധത്തിനും വകവച്ചു. മണ്ണിടിച്ചിലും കൈയ്യേറ്റവും മൂലം ചാത്തൻചാലിന്റെയും പെരുന്തോടിന്റെയും സ്വഭാവികത നശിച്ച സാഹചര്യത്തിലാണ് ചാത്തൻ ചാൽ പദ്ധതി വിഭാവനം ചെയ്തത്. കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കട്ടപ്പുറം, അന്നനാട്, കക്കാട്, കരിമ്പനക്കാവ്, കണ്ണഞ്ചിറ പാടശേഖരങ്ങൾക്കും ഏക്കറുകണക്കിന് കരഭൂമികൾക്കും ജലസമൃദ്ധി ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്.
ചാലക്കുടി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വേനൽക്കാലത്ത് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനും മഴക്കാലത്ത് പാടശേഖരകളിലെത്തുന്ന അമിത ജലം ഒഴുക്കി കളയുന്നതിനും പദ്ധതി മൂലം സാധിക്കും. 500 ഹെക്ടർ കൃഷിയിടത്തിനും ഏഴ് ഇറിഗേഷൻ പദ്ധതികൾക്കും പത്തിലധികം ചെറുകിട ജലസേചന പദ്ധതികൾക്കും പ്രയോജനം ലഭിക്കും.
പദ്ധതി ഇപ്രകാരം
നബാർഡ് ആർ.ഐ.ഡി.എഫ് 25ൽ ഉൾപ്പെടുത്തി കെ.എൽ.ഡി.സി മുഖേന 7.27 കോടി രൂപ വിനിയോഗിച്ചാണ് രണ്ടു റീച്ചുകളായി തിരിച്ച് ചാലിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. 1450 മീറ്റർ പാർശ്വഭിത്തി നിർമ്മാണം, 500 മീറ്റർ ഫാം റോഡ്, 1250 മീറ്റർ ദൂരം ആഴം വർദ്ധിപ്പിക്കൽ, രണ്ട് ഫുട്ട് സ്ലാബ് എന്നിവയുടെ നിർമ്മാണമാണ് റീച്ച് 1ലെ പ്രവർത്തനങ്ങൾ. 1500 മീറ്റർ പാർശ്വഭിത്തി, 480 മീറ്റർ ഫാം റോഡ്, മൂന്ന് ഫൂട്ട് സ്ലാബ് എന്നീ പ്രവൃത്തികൾ രണ്ടാമത്തെ റീച്ചിലും ഉൾപ്പെടുത്തിയിട്ടുണ്ട്. തോടിന്റെ 1410 മീറ്റർ ദൂരം ആഴം വർദ്ധിപ്പിക്കലും ഇതിൽപ്പെടും.