
കൊടുങ്ങല്ലൂർ: ഗർഭപാത്രം വാടകയ്ക്ക് നൽകിയ യുവതിയെ കാണാതായതായി പരാതി. രണ്ടര മാസം ഗർഭിണിയായ ഗുജറാത്ത് സ്വദേശിയാണ് കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായത്. പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് ഗർഭപാത്രം വാടകയ്ക്ക് നൽകിയ 27 വയസുകാരിയെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സ്വകാര്യ ഏജൻസി മുഖേന പത്തനംതിട്ട സ്വദേശികളുമായി കരാറിലെത്തിയ യുവതി കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ഗർഭധാരണത്തിന് ശേഷം ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിന്മേൽ കേസെടുത്ത കൊടുങ്ങല്ലൂർ പൊലീസ് ടൗൺ ലൊക്കേഷൻ പരിശോധനയിൽ ഇവർ ആലുവയിലാണെന്ന് കണ്ടെത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.
ടോൾ പ്ലാസഅടച്ചുപൂട്ടണം: ഡി.വൈ.എഫ്.ഐ
ഒല്ലൂർ: പാലിയേക്കരയിലെ ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വർഷങ്ങളായി ടോൾ വഴി കൊള്ള നടത്തുകയാണ്. ഇതിന് അറുതി വരുത്തണം. ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കാനുള്ള കെ റെയിൽ, സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണയേകി പ്രചാരണ പരിപാടികൾ ഏറ്റെടുക്കാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, ജെയ്ക് സി.തോമസ്, പി.ബി.അനൂപ്, അഡ്വ.എൻ.വി.വൈശാഖൻ, മനു പുതിയാമഠം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ആർ.എൽ.ശ്രീലാലിനെയും സെക്രട്ടറിയായി അഡ്വ.എൻ.വി.വൈശാഖനെയും കെ.എസ്.സെന്തിൽ കുമാറിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.